Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, February 24, 2014

എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം


എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം.

സാഹിത്യഅക്കാദമി ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം. എന്റെ കഥപെട്ടി വായിച്ച മക്കൾ തന്ന പ്രോൽസാഹനമാണ്...
ഒരുപാടു നന്ദി ഒരുപാടു സ്നേഹം എന്റെ കഥപെട്ടി മക്ക‌ളേ.
24171

Saturday, February 1, 2014

വാമദേവന്റെ അറിവും രാമന്റെ കഴിവും…



സ്നേഹമുള്ള കുഞ്ഞുങ്ങളേ,
        വളരെ പണ്ട് നടന്ന ഒരു കഥ പറയട്ടേ….അന്ന്, ഇപ്പോഴത്തെപ്പോലെ യാത്രാ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു.  റോഡുകളും പാലങ്ങളും ഒക്കെ തീരെ ഇല്ല തന്നെ. നദികളുടെ ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ വള്ളങ്ങളെ (വഞ്ചികളെ) ആശ്രയിച്ചേ പറ്റൂ.  നദിക്കരയിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വള്ളം അക്കരെയ്ക്ക് പുറപ്പെടും.  ഈ സ്ഥലങ്ങളെ കടത്ത് എന്നു പറയും; ഈ വള്ളങ്ങളെ കടത്തുവള്ളം (കടത്തുവഞ്ചി) എന്നും കടത്തുവള്ളം തുഴയുന്നയാളെ കടത്തുകാരൻ എന്നും പറയുന്നു. 
        അന്നൊരിക്കൽ  ഗംഗാനദിയിലൂടെ ഒരു കടത്തുവഞ്ചി അക്കരെ കടക്കുകയായിരുന്നു.  രാമൻ എന്ന കടത്തുകാരനും വാമദേവൻ എന്ന ഒരു പണ്ഡിതനും മാത്രമേ വഞ്ചിയിൽ ഉള്ളൂ.  വാമദേവൻ അൽപ്പം അഹങ്കാരം കൂടുതലുള്ള ആളായിരുന്നു.  തന്റെ പാണ്ഡിത്യം (അറിവ്) വെളിവാക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ  വച്ച് തന്നെക്കാൾ അറിവ് കുറവുള്ളവരെ മോശക്കാരായി തരംതാഴ്ത്തിക്കാട്ടാൻ അയാൾ ശ്രമിക്കുമായിരുന്നു.  ഇവിടെയും അതു തന്നെ സംഭവിച്ചു.  തന്റെ പാണ്ഡിത്യം വെളിവാക്കുന്നതിനായി പാവം തോണിക്കാരനോട്  വാമദേവൻ വീമ്പിളക്കിക്കൊണ്ടിരുന്നു.

        “നിങ്ങൾക്ക് വേദാന്തം അറിയാമോ?” വാമദേവൻ രാമനോട് ചോദിച്ചു
        “ഇല്ല, അറിഞ്ഞുകൂട”, വളരെ വിനയത്തോടെ രാമൻ മറുപടി പറഞ്ഞു… രാമനെ അൽപ്പം അവജ്ഞയോടെ നോക്കി വാമദേവൻ തുടർന്നു, “സാംഖ്യവും തത്ത്വശാസ്ത്രവും അറിയാമോ?”
അൽപ്പം നീരസത്തോടെയെങ്കിലും രാമൻ അതും അറിഞ്ഞുകൂടാ എന്ന് പറഞ്ഞു…
“എങ്കിൽ നിന്റെ ജന്മത്തിന്റെ കാൽ ഭാഗം പാഴായി എന്നു കരുതിക്കോളൂ…” വാമദേവൻ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
രാമന് ഈ തരം താഴ്ത്തൽ ഇഷ്ടപ്പെട്ടില്ലെങ്കിലും അത് പുറത്തു കാണിച്ചില്ല… പണ്ഡിതനല്ലേ ഇരിക്കുന്നത്, തന്നെപ്പോലുള്ള ഒരു കടത്തുകാരന് മറുത്തൊന്നും പറയാൻ പാടില്ലല്ലോ….
“അപ്പോൾ പിന്നെ ഉപനിഷത്തുകളും ശാസ്ത്രങ്ങളും ഒന്നും കേട്ടിട്ടുകൂടി ഇല്ലായിരിക്കുമല്ലോ..?” വാമദേവൻ വിടാൻ ഭാവമില്ലായിരുന്നു… രാമൻ അവയൊന്നും തനിക്കറിഞ്ഞുകൂടാ എന്ന് പറഞ്ഞു തുടർന്നു, “പണ്ഡിത ശ്രേഷ്ഠാ, എനിക്കും കുടുംബത്തിനും  അന്നത്തെ ആഹാരത്തിനുള്ളത് എങ്ങനെ ഉണ്ടാക്കാം എന്നതു മാത്രമാണ് ഇപ്പോൾ ചിന്ത, മറ്റൊന്നും എനിക്കറിയില്ല”
“ശാസ്ത്രങ്ങളും ഉപനിഷത്തുകളും അറിയില്ലെന്നോ…. എങ്കിൽ നിന്റെ പാതി ജന്മം പാഴായി എന്ന് കൂട്ടിക്കോളൂ”…വാമദേവൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തുടർന്നു, “നിനക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയാമോ?”….
വളരെ നീരസത്തോടെ രാമൻ തനിക്ക് സംസ്കൃതം വായിക്കാനും എഴുതുവാനും അറിയില്ലെന്ന് പറഞ്ഞു….
“ശുംഭാ, നിന്റെ ആയുസ്സിന്റെ മുക്കാലും പാഴായല്ലോ….. സംസ്കൃതം അറിയില്ല പോലും” വാമദേവൻ രാമനെ കളിയാക്കി പൊട്ടിച്ചിരിച്ചു… രാമൻ തിരിച്ച് ഒരക്ഷരം പോലും മിണ്ടാതെ തന്റെ ജോലി തുടർന്നു.  പെട്ടെന്നാണ് കാറ്റുവീശാൻ തുടങ്ങിയത്… ആദ്യമൊന്നും വലിയ പ്രശ്നമില്ലായിരുന്നെങ്കിലും ക്രമേണ കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു.  കാറ്റിൽ വഞ്ചി ആടിയുലയാൻ തുടങ്ങി.  ഗംഗാനദിയുടെ കുത്തൊഴുക്കിൽ വഞ്ചി മറിയുമെന്ന നില വന്നു.  രാമൻ വഞ്ചി നിയന്ത്രിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു.  പക്ഷേ അതിന് ഒരു ഫലവും കണ്ടില്ല.  പണ്ഡിതനായ വാമദേവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങി.  നദിയിലെ ഇത്തരം പ്രതിഭാസങ്ങൾ കണ്ടു ശീലിച്ച രാമന് അത്ര ഭയമൊന്നും തോന്നിയില്ല. അയാൾക്ക് നീന്തൽ നല്ല വശമായിരുന്നതുകൊണ്ട് അവസാന ശ്രമമെന്ന നിലയ്ക്ക് നിവൃത്തിയില്ലെങ്കിൽ നീന്തി രക്ഷപ്പെടാമല്ലോ…..
ഭയന്നു വിറച്ച വാമദേവനോട് രാമൻ അപ്പോൾ ചോദിച്ചു, “താങ്കൾക്ക് പേടിയാവുന്നോ?”… ഈ കാറ്റും കോളും, പിന്നെ ഗംഗാനദിയുടെ കുത്തൊഴുക്കും, ആർക്കാണ് പേടി വരാത്തത്?  വാമദേവൻ ഭയന്ന് നിലവിളിച്ചു…. രാമൻ വിടാൻ ഭാവമില്ലായിരുന്നു, “അങ്ങേയ്ക്ക് നീന്താനറിയാമോ?”
“എനിക്ക് നീന്താൻ അറിയില്ല, എത്രയും പെട്ടെന്ന് എന്നെ രക്ഷിക്കൂ….” വാമദേവൻ കരഞ്ഞു വിളിച്ചു.
രാമൻ തുടർന്നു, “എനിക്ക് വേദാന്തവും സാംഖ്യവും ഉപനിഷത്തുകളും ശാസ്ത്രവും സംസ്കൃതവും അറിയാത്തത് കൊണ്ട് എന്റെ ജന്മത്തിന്റെ മുക്കാൽ ഭാഗവും പാഴായി എന്ന് അങ്ങ് പറഞ്ഞില്ലേ,  ഇപ്പോൾ നീന്തലറിയാത്തതു കൊണ്ട് താങ്കളുടെ ജന്മം മുഴുവനും പാഴായിപ്പോകുമല്ലോ”… ഇത്രയും പറഞ്ഞ് മറിയുന്ന വഞ്ചിയിൽ നിന്ന് രാമൻ പുഴയിലേയ്ക്ക്  ചാടി.  വാമദേവനും പുഴയിൽ വീണു…. ജീവനു വേണ്ടി കൈകാലിട്ടറിച്ച് കരഞ്ഞു വിളിച്ചു…. സഹതാപം തോന്നിയ രാമൻ വാമദേവനെ പുഴയിൽ നിന്ന് രക്ഷിച്ച് കരയിലെത്തിച്ചു.  അവശനായ വാമദേവനോട് രാമൻ പറഞ്ഞു, “താങ്കളുടെ അറിവ് മാത്രമാണ് ലോകത്ത് എല്ലാത്തിനെക്കാളും വലുതെന്ന അങ്ങയുടെ മനോഭാവം മാറ്റണം, പ്രായോഗിക ജീവിതത്തിൽ പലർക്കും പലപല അറിവുകളാണ് ആവശ്യം”.  രാമന്റെ വാക്കുകൾ കേട്ട് വാമദേവൻ തലകുനിച്ചു.  തന്റെ അറിവ് മാത്രമാണ് എല്ലാത്തിനും മുകളിലെന്ന വാമദേവന്റെ കാഴ്ചപ്പാട് അയാളുടെ ജീവനു തന്നെ ഭീഷണിയായില്ലേ…
നല്ലൊരു സന്ദേശം എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടിയില്ലേ?  ഓരോരുത്തർക്കും അവരവരുടേതായ അറിവുകളും കഴിവുകളും ഉണ്ട്.  തന്റെ കഴിവും അറിവും മാത്രം എല്ലാത്തിനും മുകളിലാണെന്ന് കരുതരുത്.    

kadha | Muziboo






23489/105

Wednesday, January 1, 2014

അന്റോണിയോയുടെയും ഷൈലോക്കിന്റെയും കഥ

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
      പുതുവത്സരം ഒക്കെ ആഘോഷിച്ച് എല്ലാപേരും  ക്രിസ്തുമസ്സ് പരീക്ഷയുടെ മാർക്കൊക്കെ കിട്ടി വളരെ സന്തോഷത്തിലാണല്ലോ.... നമുക്കിന്ന്, വിശ്വപ്രസിദ്ധ കഥാകാരനായ ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ ഒരു ചെറിയ കഥാസന്ദർഭം പരിചയപ്പെടാം, ട്ടോ....
    ഇറ്റലിയിലെ വടക്കുകിഴക്കൻ തുറമുഖനഗരമാണ്  കഥ നടക്കുന്ന വെനീസ്.  വെനീസിലെ ധനികരായ വ്യാപാരികളായിരുന്നു അന്റോണിയോയും ഷൈലോക്കും.  നല്ലവനും കരുണയുള്ളവനുമായ ആളായിരുന്നു അന്റോണിയോ. ധാരാളം ചരക്കു കപ്പലുകൾ ഉണ്ടായിരുന്ന അദ്ദേഹം, പാവങ്ങളെ കൈയയച്ച് സഹായിച്ചിരുന്നു. പലപ്പോഴും പലിശയില്ലാതെ പണം കടം കൊടുക്കുമായിരുന്നു.  എന്നാൽ ഷൈലോക്ക് നേരെ തിരിച്ചായിരുന്നു.  ക്രൂരനും ദുഷ്ടനും, എങ്ങനെയും പണമുണ്ടാക്കുക എന്ന ഏകലക്ഷ്യമുള്ളവനുമായിരുന്നു അയാൾ. തനിക്ക് എന്നും ഭീഷണിയായ  അന്റോണിയോയെ എങ്ങനെയും വകവരുത്താൻ ഒരവസരം കാത്തിരിക്കുകയായിരുന്നു ഷൈലോക്ക്.
    അങ്ങനെയിരിക്കെ ഒരിക്കൽ അന്റോണിയോയുടെ കപ്പലുകൾ ഒന്നൊന്നായി തകർന്നുകൊണ്ടിരുന്നു.  വ്യാപാരം കുറച്ചു നഷ്ടത്തിലുമായി.  എന്നാലും തന്നെ സമീപിക്കുന്നവരെ സഹായിക്കുന്ന പ്രകൃതം അദ്ദേഹം മാറ്റിയില്ല.  അപ്പോഴാണ് തന്റെ സുഹൃത്ത് ബസാനിയോയ്ക്ക് വളരെ അത്യാവശ്യമായി കുറച്ച് പണം വേണ്ടി വന്നത്.  തന്റെ കൈയ്യിൽ അപ്പോൾ പണമില്ലാത്തതിനാൽ ഷൈലോക്കിൽ നിന്നും കുറച്ച് പണം കടം വാങ്ങാൽ അന്റോണിയോ തീരുമാനിച്ചു.  അന്റോണിയോയെ തന്റെ കാൽക്കീഴിൽ കൊണ്ടുവരാൻ തക്കം പാർത്തിരുന്ന ഷൈലോക്കിന് വളരെ സന്തോഷമായി.  ഈ അവസരം നന്നായി ഉപയോഗിക്കാൻ തന്നെ അയാൾ തീരുമാനിച്ചു.
    അന്റോണിയോയ്ക്ക് മൂവായിരം പണം കടം കൊടുക്കാൻ അയാൾ തയാറായി.  പക്ഷേ ഒരു കരാർ; പറഞ്ഞ തുക കൃത്യസമയത്ത് തിരികെ തന്നില്ലെങ്കിൽ അതിനു പിഴയായി അന്റോണിയോയുടെ ശരീരത്തിൽ നിന്ന് ഒരു റാത്തൽ (ഏകദേശം അരക്കിലോ) മാംസം അറുത്തെടുക്കാൻ തനിക്ക് അവകാശമുണ്ട്.  കൂട്ടുകാരന്റെ അത്യാവശ്യം പരിഗണിച്ചപ്പോൾ അന്റോണിയോ അതിനു സമ്മതിച്ചു, മാത്രമല്ല ഈ സംഖ്യ കൃത്യസമയത്ത് തിരികെ കൊടുക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
    പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടേ, തന്റെ കച്ചവടത്തിൽ വീണ്ടും തിരിച്ചടി നേരിട്ട അന്റോണിയോയ്ക്ക് സമയത്തിന് പണം തിരികെ കൊടുക്കാൻ പറ്റിയില്ല.  ഈ അവസരം മുതലാക്കാൻ തീരുമാനിച്ച ഷൈലോക്ക് കോടതിയെ സമീപിച്ച് കരാർ നടപ്പിലാക്കാന്നുള്ള ആവശ്യമുന്നയിച്ചു.  പലരും ഷൈലോക്കിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വാശിയിൽ തന്നെയായിരുന്നു, രാജാവ് പോലും ഇക്കാര്യത്തിൽ നിസ്സഹായനായി.
    തർക്കത്തിൽ വിധി പറയാൻ കോടതിയിലെത്തി.  ഇപ്പോഴാണ് കഥയുടെ ഗതി തന്നെ മാറ്റുന്ന കഥാപാത്രം രംഗത്തെത്തുന്നത്  - അന്റോണിയോ ആർക്കുവേണ്ടിയാണോ കടം വാങ്ങി കെണിയിൽപെട്ടത്, ആ ബസാനിയോയുടെ സുഹൃത്ത്, പോർഷ്യ...  ബുദ്ധിമതിയായ പോർഷ്യ ന്യായാധിപയുടെ വേഷത്തിൽ കോടതിയിലെത്തി.  ഷൈലോക്കിന്റെ ന്യായവാദങ്ങൾക്കൊടുവിൽ പോർഷ്യ കരാർ ഒന്നുകൂടി ഉറക്കെ വായിച്ചു.  നീതി-ന്യായ കോടതിയിൽ ന്യായം മാത്രം ജയിച്ചാൽ പോരല്ലോ, നീതി കൂടി നടപ്പിലാകണ്ടേ?  പോർഷ്യ തന്റെ ബുദ്ധിസാമർത്ഥ്യം ഇവിടെയാണ് ഉപയോഗിച്ചത്. 

വിധിപ്രസ്താവന ശൈലിയിൽ പോർഷ്യ  പറഞ്ഞു, "കരാർ പ്രകാരം കൃത്യസമയത്ത് പണം തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ അന്റോണിയോ ഷൈലോക്കിന് കരാർ പ്രകാരമുള്ള പിഴ നൽകേണ്ടി വരും എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്" എന്നിട്ട് ഷൈലോക്കിനോട്, "മാംസം തൂക്കാൻ ത്രാസ് കൊണ്ടുവന്നിട്ടുണ്ടോ?"
    വളരെ സന്തോഷത്തോടെ ഷൈലോക്ക് തന്റെ പക്കൽ മാംസം തൂക്കി നോക്കാൻ ത്രാസും അത് അറുത്തെടുക്കാൻ കത്തിയുമുണ്ടെന്ന് അറിയിച്ചു.
    "അന്റോണിയോ, നിങ്ങൾക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ?" പോർഷ്യ ചോദിച്ചു.... തനിക്കൊന്നും പറയാനില്ലെന്നും തന്റെ വീഴ്ചയ്ക്ക് കരാർ പ്രകാരമുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  കോടതിയിലുള്ള അന്റോണിയോയുടെ സുഹൃത്തുക്കളും മറ്റും നിശ്ശബ്ദരായി.... എല്ലാ പ്രതീക്ഷയും കെട്ടുപോയിരിക്കുന്നു... നെഞ്ചിൽ നിന്നും ഒരു റാത്തൽ മാംസം എടുത്താൽ അന്റോണിയോയുടെ മരണം തന്നെ ഉറപ്പിക്കാം.... എല്ലാപേരും മൂകരായപ്പോൾ ഷൈലോക്ക് അക്ഷമനായി, "ശിക്ഷ നടപ്പിലാക്കാൻ എന്നെ അനുവദിച്ചാലും"
    എല്ലാപേരുടെയും ശ്രദ്ധ പോർഷ്യയിലായി.  പോർഷ്യ പറഞ്ഞു, "ശരി ന്യായമായും കരാർ പ്രകാരമുള്ള ഒരു റാത്തൽ മാംസത്തിന്  താങ്കൾക്ക് അർഹതയുണ്ട്.  കരാറിൽ പറയുന്ന പ്രകാരമുള്ള മാംസം അന്റോണിയോയുടെ നെഞ്ചിൽ നിന്നും നിങ്ങൾക്കു തന്നെ അറുത്തെടുക്കാം.."  സന്തോഷത്തോടെ കത്തി ഉറയിൽ നിന്നെടുത്ത ഷൈലോക്കിനോട് പോർഷ്യ തുടർന്നു, "കരാർ പ്രകാരം മാംസം മാത്രമേ എടുക്കാവൂ, അത് മുറിച്ചെടുക്കുമ്പോൾ ഒരു തുള്ളി ചോര പോലും വീഴരുത്, അതിന് നിങ്ങൾക്ക് അർഹതയില്ല.  ഒരു തുള്ളി  ചോരയെങ്കിലും വീണാൽ വെനീസിലെ നിയമമനുസരിച്ച് താങ്കളുടെ സകല വസ്തുവകകളും സർക്കാർ ഖജനാവിലേയ്ക്ക് കണ്ടുകെട്ടും....... താങ്കൾക്ക് ശിക്ഷ നടപ്പിലാക്കാം...."
    പോർഷ്യയുടെ വിധിപ്രസ്താവ്യം കേട്ട് ഷൈലോക്ക് നടുങ്ങി, കേട്ടിരുന്ന സദസ്യർക്ക് പെട്ടെന്ന് ശ്വാസം വീണതുപോലെ..... ഏതറ്റം വരെ പോകാനും മടിക്കാത്ത ഷൈലോക്ക് പിന്നെയും നിരവധി വാദമുഖങ്ങൾ നിരത്തിയെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല.... ഒടുവിൽ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് ഷൈലോക്ക് നല്ലവനാകാൻ തീരുമാനിച്ചു.
    കൂട്ടുകാർക്ക് കഥ ഇഷ്ടപ്പെട്ടോ? കോടതികൾ ന്യായങ്ങൾ പരിഗണിക്കുന്നതിനൊപ്പം, അർഹതയുള്ള കാര്യങ്ങളിൽ നീതിയ്ക്ക് മുൻതൂക്കം നൽകണം, അല്ലേ.... വേറൊരു കഥയുമായി വീണ്ടും വരാം.... എല്ലാവർക്കും ഒരിക്കൽക്കൂടി പുതുവൽസര ആശംസകൾ...

Monday, December 2, 2013

കുരങ്ങന്റെ വാല് മുറിഞ്ഞ കഥ


സ്നേഹമുള്ള കുഞ്ഞുങ്ങളേ,
ദീപാവലിയൊക്കെ കഴിഞ്ഞു.  ഇനി ശബരിമലയുടെയും ക്രിസ്തുമസിന്റെയും ഒക്കെ സമയം, അല്ലേ?  കൂട്ടിന് എല്ലാ കുഞ്ഞുങ്ങൾക്കും പരീക്ഷാക്കാലവും.  ഇതിനിടയിൽ ഒരു കുഞ്ഞു കഥ പറയാം, ട്ടോ….
ഒരിടത്തൊരിടത്ത് ഒരു സംഘം ആശാരിമാർ ഒരു വലിയ കെട്ടിടത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.  പണിസ്ഥലത്ത് ധാരാളം തടികൾ കൂട്ടിയിട്ടിരുന്നു.  ഇന്നത്തെ പോലെ തടിമില്ലുകൾ അധികമൊന്നും ഇല്ല്ലായിരുന്ന കാലം, വലിയ തടികൾ അറുക്കാനായി, രണ്ടു തടിക്കഷണങ്ങൾ ചേർത്തു വച്ച് ഒരു സ്റ്റാന്റ് പോലെയുണ്ടാക്കി അതിനുമുകളിലായി വയ്ക്കുമായിരുന്നു. അതിനുശേഷം അറക്കവാൾ  കൊണ്ട് മുകളിലും താഴെയും ആളുകൾ നിന്ന് തടി പിളർക്കും. ഇതിന് ‘കാമരം’ എന്ന് പറയുന്നു. ചില ദേശങ്ങളിൽ ഇതിനെ ‘ഇഴയും കാലും’ എന്നും പറയുന്നു. ഇവിടെയും ആശാരിമാർ  തടി അറുക്കാനായി കാമരം തയ്യാറാക്കിയിരുന്നു.
അന്നും പതിവുപോലെ തടികൾ കാമരത്തിൽ കയറ്റിവച്ച് അവർ പണി തുടർന്നു.  കുറെ നേരം കഴിഞ്ഞപ്പോൾ പകുതി അറുത്ത തടി കാമരത്തിൽ വച്ച്, അറുത്ത് കഴിഞ്ഞ ഭാഗം വീണ്ടും അടുക്കാതിരിക്കാനായി ഒരു ആപ്പ് കയറ്റി വച്ചിട്ട് പണിക്കാർ ഉച്ചയൂണിനും വിശ്രമത്തിനുമായി പോയി.  ആ സമയം അടുത്ത കാട്ടിലെ വികൃതിക്കുരങ്ങന്മാർ അങ്ങോട്ടു വന്നു.  അവർ മരത്തടികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും ചാടിയോടിക്കളിച്ച് രസിച്ചു. ഇതിനിടയിൽ മഹാകുസൃതിയായ  ഒരു കുരങ്ങന് ഒരു കുസൃതി തോന്നി.  കാമരത്തിൽ കയറ്റി പകുതി അറുത്ത് വച്ചിരുന്ന തടിയുടെ നടുക്ക് വച്ചിരുന്ന ആപ്പ് വലിച്ചൂരിയെടുക്കാനായി അവന്റെ ശ്രമം.  തിരിഞ്ഞും മറിഞ്ഞും കിണഞ്ഞു ശ്രമിച്ചു, ഇതിനിടയിൽ അവന്റെ വാൽ പിളർന്നിരുന്ന തടിക്കഷണത്തിനിടയിലായിരുന്നു. ഇത് ശ്രദ്ധിക്കാതെ കുരങ്ങൻ ആപ്പ് ഊരിയെടുക്കാനുള്ള ശ്രമം തുടർന്നു.  വളരെ പ്രയാസപ്പെട്ടതിനെത്തുടർന്ന് അവന് ആപ്പ് ഊരിയെടുക്കാൻ സാധിച്ചു.
പക്ഷേ ഇതിനിടെ അറുത്ത് നിർത്തിയിരുന്ന തടിക്കഷണങ്ങൾ അപ്പ് ഊരിയതോടെ വളരെപ്പെട്ടെന്ന്, ശക്തിയോടെ ഒന്നിച്ചു ചേർന്നു.  കുരങ്ങന്റെ വാലും അതിനിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞു.  എത്രശ്രമിച്ചിട്ടും അത് ഊരിയെടുക്കാൻ പറ്റിയില്ല….. വാലിന്റെ കഥ കഴിഞ്ഞു എന്നുതന്നെ പറയാം….
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ടാൽ അതിന്റെ ഫലം ആപത്തായിരിക്കും, അല്ലേ കുഞ്ഞുങ്ങളേ…. കഥ ഇഷ്ടപ്പെട്ടോ…
22095/100

Friday, November 1, 2013

ആടിനെ പട്ടിയാക്കിയ കഥ


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിദ്യാരംഭവും പൂജവയ്പ്പും ഒക്കെ കഴിഞ്ഞ് എല്ലാപേരും ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണല്ലേ? ഇന്ന് നമുക്ക് ഒരു പഴഞ്ചൊല്ലിന്റെ കഥ കേൾക്കാം, എന്താ? ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ?   ആ ചൊല്ല് വന്നതിനെ കുറിച്ച് ഒരു കഥയുണ്ട്

ഒരിടത്തൊരിടത്ത് രാമനാഥൻ എന്നു പേരായ ഒരു  ബ്രാഹ്മണൻ ഉണ്ടായിരുന്നു.  വളരെ അദ്ധ്വാനിയും സത്യസന്ധനും സാത്വികനുമായിരുന്നും അദ്ദേഹം.  ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ പരിമിതമായ വരുമാനത്തിൽ അല്ലലില്ലാതെ ജീവിച്ചു വന്നു.  അങ്ങനെയിരിക്കേ തന്റെ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ കുടിക്കാനായി അദ്ദേഹം ഒരു ആടിനെ വാങ്ങാൻ തീരുമാനിച്ചു.  അകലെയുള്ള ചന്തയിൽ നിന്ന് അദ്ദേഹം ഒരു ആടിനെ വാങ്ങി.  അതിനെയും തോളിലേറ്റി രാമനാഥൻ വീട്ടിലേയ്ക്കു നടന്നു. 

അതു കണ്ട ചില കള്ളന്മാർക്ക് രാമനാഥനെ പറ്റിച്ച് ആ ആടിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായി. അതിനായി അവർ രാമനാഥൻ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ പലയിടത്തായി മാറിനിന്നു. 
കള്ളന്മാരിലൊരാൾ ഒരു സ്ഥലത്തുവച്ച് രാമനാഥന്റെ നേർക്ക് വന്ന് ചോദിച്ചു, “എന്തിനാ തിരുമേനീ പട്ടിയെ ചുമന്നു കൊണ്ടു പോകുന്നത്? അതിനെ കളഞ്ഞുകൂടേ”
ആടിനെ പട്ടിയെന്നു പറഞ്ഞവന് ഭ്രാന്താണെന്ന് അദ്ദേഹം ഊഹിച്ചു.  രാമനാഥൻ പിന്നെയും നടന്നു.  അടുത്ത കവലയിൽ കള്ളന്മാരിൽ അടുത്തയാൾ രാമനാഥനോട് നേർക്കുനേർ വന്നു ചോദിച്ചു, “അല്ല, തിരുമേനിയ്ക്ക് ഭ്രാന്തായോ? എവിടേയ്ക്കാ ഈ പട്ടിയെയും ചുമന്ന്?, കഷ്ടം!!” അയാൾ പതുക്കെ നടന്നകന്നു. 

ഇതും കൂടി ആയപ്പോൾ രാമനാഥന് ഒരു സംശയം.  ആദ്യം പറഞ്ഞ ആൾക്ക് ഭ്രാന്താനെന്ന് താൻ ചിന്തിച്ചു, പക്ഷേ രണ്ടാമതൊരാൾ കൂടി തനിക്ക് ഭ്രാന്താണെന്ന് പറയുന്നു.  രാമനാഥൻ തന്റെ ചുമലിലിരിക്കുന്ന ആടിനെ എടുത്ത് ഒന്നുകൂടി നോക്കി അത് ആട് തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നാലും മനസ്സിലെ സംശയം മാറിയില്ല.
ഇങ്ങനെ, ആകെ ആശയക്കുഴപ്പത്തിൽ നടക്കവേ  അതാ, രണ്ടുമൂന്നുപേർ കൂടി നിൽക്കുന്നു.  അവർ കള്ളന്മാരുടെ സംഘത്തിൽപ്പെട്ടവർ തന്നെയായിരുന്നു.  അവർ ഒന്നുമറിയാത്തവരെ  പോലെ രാമനാഥൻ കേൾക്കേ പരസ്പരം പറഞ്ഞു,
‘അതാ, ഒരു ബ്രാഹ്മണൻ പട്ടിയെയും ചുമന്നു കൊണ്ട് പോകുന്നു’ ഒരുവൻ പറഞ്ഞു
‘ഇയാൾ ബ്രാഹ്മണനൊന്നുമായിരിക്കില്ല, വല്ല കാട്ടാളനുമായിരിക്കും’ രണ്ടാമൻ പറഞ്ഞു
മൂന്നാമൻ അത് ശരിവച്ച പോലെ പറഞ്ഞു, ‘അതെയതെ, പട്ടിയുമായി നായാട്ടിനു പോകുകയാവും’
ഇത്രേം കൂടി കേട്ടപ്പോൾ രാമനാഥന്റെ മനസ്സ് ശരിക്കും ഇളകി.  ഈ ആടിനെ തന്ന ആൾ തന്നെ കബളിപ്പിച്ചോ? അല്ലെങ്കിൽ ഇത്രേം ആളുകൾ ഇതിനെ പട്ടിയെന്നു വിളിക്കുമോ?

       ആടിനെ തട്ടിയെടുക്കാൻ കള്ളന്മാർ പ്രയോഗിച്ച അടവാണ് ഇതെല്ലാം എന്നറിയാത്ത പാവം രാമനാഥൻ, പട്ടിയെന്ന് ‘ജനം’ വിധിയെഴുതിയ ആടിനെ വഴിയിൽ ഉപേക്ഷിച്ച് സങ്കടത്തോടെ വീട്ടിലേയ്ക്ക് മടങ്ങി.  കിട്ടിയ തക്കത്തിന് കള്ളന്മാർ ആ ആടിനെ പിടികൂടി ഓടി മറഞ്ഞു. 
ഇതിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്താണ് മനസ്സിലായത്?  തട്ടിപ്പുകാരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുത്…അന്ധമായി ആരെയും വിശ്വസിക്കരുത്... അല്ലേ?

Wednesday, October 2, 2013

അത്യാഗ്രഹം അത്യാപത്ത്

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
    ഓണമൊക്കെ ആഘോഷിച്ച് വളരെ സന്തോഷത്തോടെ സ്ക്കൂളിലൊക്കെ പോയി നല്ല മാർക്കൊക്കെ വാങ്ങിയിരിക്കുകയാവും എല്ലാപേരും, അല്ലേ…. ഇത്തവണ നമുക്ക്, അത്യാഗ്രഹം വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ചുള്ള ഒരു കുഞ്ഞു കഥ കേൾക്കാം, കേട്ടോ…..
    ഒരിടത്തൊരിടത്ത് ഒരു  ഗ്രാമത്തിൽ അമാവാസി എന്ന് പേരായ ഒരു  ധനികൻ ഉണ്ടായിരുന്നു.  പാത്രങ്ങളും പണിയായുധങ്ങളും മറ്റും വാടകയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന വരുമാനം.  വളരെ അത്യാഗ്രഹിയും നിർദ്ദയനും ആയിരുന്നു അമാവാസി.  പലപ്പോഴും, പാവപ്പെട്ടവരിൽ നിന്നു പോലും അമിതമായി വാടകയിനത്തിലും മറ്റും ഒരുപാട് പണം അയാൾ ഈടാക്കിയിരുന്നു.  തിരികെ കൊണ്ടു വരുന്ന സാധനങ്ങൾക്ക് കേടു പറ്റിയെന്നും മറ്റും പറഞ്ഞ് അവയ്ക്ക് വലിയ പിഴയും അയാൾ വാങ്ങിയിരുന്നു.  വേറെ നിവൃത്തിയില്ലാതതിനാൽ ഗ്രാമീണർ ഇയാളെ സഹിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.  
    അങ്ങനെയിരിക്കേ ആ ഗ്രാമത്തിൽ ഗണേശൻ എന്ന യുവാവ് താമസത്തിനെത്തി.   സൽസ്വഭാവിയും, ബുദ്ധിമാനും ആയ ഗണേശന് അമാവാസി നടത്തുന്ന പകൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കണമെന്ന് തോന്നി.  എന്നാൽ നേരിട്ടെതിർത്ത് അയാളെ പരാജയപ്പെടുത്തുക ദുഷ്കരമായതിനാൽ ബുദ്ധിപൂർവ്വം തന്നെ നീങ്ങാൻ തീരുമാനിച്ചു,  അതിന് ഗണേശന് നാട്ടുകാരുടെയാകെ പിന്തുണയും സഹായവും ഉണ്ടായിരുന്നു.
    ഗണേശൻ ഒരു ദിവസം അമാവാസിയോട്  ഒരു കൈക്കോട്ട് കടമായി വാങ്ങി.  അതിന് ഒരു ദിവസത്തേയ്ക്ക് നാലണ വാടകയും സമ്മതിച്ചു.  മൂന്ന് ദിവസം കഴിഞ്ഞ് ഗണേശൻ കൈക്കോട്ട് തിരികെ കൊടുക്കാൻ ചെന്നപ്പോൾ ഒരു ചെറിയ കൈക്കോട്ട് കൂടി കൊടുത്ത്.  കാര്യം വിശദീകരിച്ച് ഗണേശൻ പറഞ്ഞു, “ കഴിഞ്ഞ രാത്രി ഈ കൈകോട്ട് വച്ചിരുന്ന സ്ഥലത്ത് നിന്നും ചെറിയ ശബ്ദങ്ങളൊക്കെ കേട്ടിരുന്നു. രാവിലെ ഉണർന്ന് നോക്കിയപ്പോൾ അത് പ്രസവിച്ചിരിക്കുന്നു.  കൈക്കോട്ടിന്റെ ഉടമ താങ്കളായതുകൊണ്ട് അതിന്റെ കുഞ്ഞും താങ്കൾക്കുള്ളതല്ലേ… അതാണ് ഈ രണ്ട് കൈക്കോട്ടുകളും ഇങ്ങെത്തിച്ചത്”
    വിശ്വസിക്കാൻ പ്രയാസമുണ്ടായെങ്കിലും, ഒരു സാധനം അധികം കിട്ടിയതിനാൽ അമാവാസി അതങ്ങ് സമ്മതിച്ചു കൊടുത്തു.  വീണ്ടും പല പ്രാവശ്യം ഗണേശൻ ഇതാവർത്തിച്ചു.  ഓരോ തവണയും  കുറച്ചുകൂടി വില കൂടിയ സാധനങ്ങൾ ഗണേശൻ കൊണ്ടു പോകുകയും അവ പ്രസവിച്ചെന്ന്  പറഞ്ഞ് ഒരു ചെറിയ സാധനം കൂടി തിരികെ കൊടുത്തു.  അമാവാസിയ്ക്ക് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമായെങ്കിലും അയാളുടെ അത്യാഗ്രഹം കാരണം അതൊക്കെ വാങ്ങി വച്ചു.
    ഒരു ദിവസം ഗണേശൻ അമാവാസിയുടെ വീട്ടിലെത്തി, “എനിക്കും ഭാര്യയ്ക്കും  അടുത്തയാഴ്ച ഒരു അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോകണം, ആഭരണങ്ങൾ എല്ലാം വേറൊരു വിവാഹത്തിനായി സഹോദരി കൊണ്ടു പോയിരിക്കുകയാണ്…. അതിനാൽ, ഒരു മാലയും, ഒരു കമ്മലും രണ്ടു വളയും തന്ന് സഹായിക്കണം… അതിനുള്ള വാടക ഞാൻ തരാം…. മൂന്നാലു ദിവസത്തിനകം തിരികെ തരുകയും ചെയ്യാം…”
    അമാവാസിയ്ക്ക് സന്തോഷമായി….. തന്റെ സ്വർണ്ണാഭരണങ്ങൾ ഗണേശൻ കൊണ്ടുപോയി അവ പ്രസവിച്ച് ഇരട്ടിയാകുമല്ലോ…. “നാളെ വൈകിട്ടു വരൂ, ഗണേശൻ ചോദിച്ചതിലും അധികം ആഭരണങ്ങൾ തരാം… അമാവാസിയിലെ അത്യാഗ്രഹി ഗൂഢമായി ചിന്തിച്ചു.  എത്രയധികം  സ്വർണ്ണാഭരണങ്ങൾ കൊടുക്കുന്നുവോ അത്രേം തന്നെ  പ്രസവിക്കുമല്ലോ.... അതാണല്ലോ ഗണേശന്റെ പതിവ്...
    അടുത്ത ദിവസം അമാവാസി, തന്റെ വീട്ടിലുള്ള സ്വർണ്ണാഭരണങ്ങളും, പിന്നെ കുറെയധികം കടം വാങ്ങിയും ഒക്കെ ഗണേശന് കൊടുത്തു.  പഴയകാര്യങ്ങളൊക്കെ ഓർമ്മയുണ്ടല്ലോ എന്നു കൂടി സൂചിപ്പിച്ചു. രണ്ടു ദിവസത്തിനകം എല്ലാം തിരികെ തരാം എന്ന്  പറഞ്ഞു ഗണേശൻ യാത്രയായി..
    ഗണേശൻ അധികം സ്വർണ്ണവുമായി വരുന്നതും കാത്ത് അമാവാസി ഇരുന്നു.   രണ്ട് ദിവസം കഴിഞ്ഞിട്ടും ഗണേശനെ കാണുന്നില്ല.... വരുമായിരിക്കും... ഇത്രയധികം ആഭരണങ്ങൾ കൊണ്ടു പോയതല്ലേ... ക്ഷമിക്കാം.... അമാവാസി കണക്കുകൂട്ടി.... ദിവസങ്ങൾ പലത് കടന്നു പോയി, ഗണേശനെ കാണുന്നില്ല.... അമാവാസിക്ക് പരിഭ്രാന്തിയായി..... തന്റെ സ്വർണ്ണസമ്പാദ്യമെല്ലാം കൊടുത്തു വിട്ടു..... കൂടാതെ പരിചയക്കാരിൽ നിന്ന് കടം വാങ്ങിയതും ഉണ്ട്....
    അകാംക്ഷയ്ക്ക് വിരാമമിട്ട് ഗണേശൻ വന്നെത്തി.... പക്ഷേ  കൊണ്ടു പോയ സ്വർണ്ണം മാത്രമില്ല... തന്റെ സ്വർണ്ണാഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് ഗണേശൻ പറഞ്ഞു, "അമാവാസീ, താൻ തന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ പെട്ടെന്ന് വന്ന അസുഖത്തെ തുടർന്ന് മരിച്ചു പോയി"
    "ങേ, സ്വർണ്ണാഭരണങ്ങൾ മരിക്കുകയോ?", അമാവാസി ക്ഷുഭിതനായി... പെട്ടെന്നു തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി....
    "ഇയാൾ എന്റെ സ്വർണ്ണാഭരണങ്ങൾ എല്ലാം കടമായി, വാടകയ്ക്ക് വാങ്ങി കൊണ്ടു  പോയി.... ഇപ്പോഴിതാ വന്നിരിക്കുന്നു അവയൊക്കെ മരിച്ചു പോയി എന്നു  പറഞ്ഞ്... ഈ കള്ളനെ പിടിച്ചുകെട്ടി സൈന്യത്തിന്റെ മുന്നിൽ എത്തിക്കണം, അവന് നല്ല ശിക്ഷ കിട്ടണം", നാട്ടുകാരോടായി  അമാവാസി  പറഞ്ഞു.....
    നാട്ടുകാർ അന്തംവിട്ട് പരസ്പരം നോക്കി.  തങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത കാര്യം.  പക്ഷേ അമാവാസിയെയും ഗണേശനെയും അവർക്ക് നന്നായി അറിയാം.  അതിനാൽ അവർക്ക് ആകാംക്ഷ കൂടി വന്നു.  നാട്ടുകാർ ഇടപെട്ട് ഇതിലൊരു തീരുമാനം ഉണ്ടാക്കണമെന്ന് അമാവാസി ശഠിച്ചു.   ഒടുവിൽ നാട്ടിലെ പ്രമാണി ഇടപെട്ടു.  ഗണേശനോട് വിശദീകരണം ചോദിച്ചു.. ആശങ്കൾക്ക് വിരാമമിട്ട് ഗണേശൻ പറഞ്ഞു, "പ്രിയ സുഹൃത്തുക്കളേ, ഞാൻ ഇതിനു മുൻപ് പല തവണ അമാവാസിയിൽ നിന്ന് പല സാധനങ്ങളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.  അപ്പോഴൊക്കെ കൃത്യമായി തിരികെ കൊടുത്തിട്ടുമുണ്ട്"  അമാവാസിയെ നോക്കി തുടർന്നു, "ശരിയല്ലേ?"
    അമാവാസി അത് ശരിയാണെന്ന് തലകുലുക്കി സമ്മതിച്ചു.  ഗണേശൻ തുടർന്നു, "അപ്പോഴൊക്കെ ഞാൻ കൊണ്ട് പോയിരുന്ന കൈക്കോട്ടും, മൺകോരിയും മറ്റും എന്റെ വീട്ടിൽ വച്ച് പ്രസവിച്ചിരുന്നു..." ആളുകൾ അന്തം വിട്ട് ഇത് കേൾക്കുമ്പോൾ ഗണേശൻ തുടർന്നു, "അവ പ്രസവിച്ച കുഞ്ഞുങ്ങളായ  കുഞ്ഞ് കൈക്കോട്ടും, കുഞ്ഞ് മൺകോരിയും ഒക്കെ ഞാൻ ഇയാൾക്ക് തന്നെ കൊടുത്തിട്ടുണ്ട്, കാരണം അതിന്റെ  ഉടമസ്ഥൻ അമാവാസിയാണല്ലോ."  അമാവാസിയോട് നാട്ടിലെ പ്രമാണി ഇതൊക്കെ ശരിയാണോയെന്ന് അന്വേഷിച്ചു.  അമാവാസി തല കുനിച്ച്, ഒരു കള്ള ലക്ഷണത്തോടെ  ആ പറഞ്ഞതൊക്കെ ശരിയാണെന്നും  ഈ പണിയായുധങ്ങൾ പ്രസവിച്ചവയെ തനിക്ക് തന്നെ ഗണേശൻ തന്നെനും പറഞ്ഞു.
    "ലോഹനിർമ്മിതമായ മൺകോരിയും കൈക്കോട്ടും പ്രസവിക്കാമെങ്കിൽ, അതൊക്കെ അമാവാസിക്ക് വിശ്വസിക്കാമെങ്കിൽ അതുപോലെ തന്നെ ലോഹനിർമ്മിതമായ ആഭരണങ്ങൾ മരിച്ചുപോയി എന്നതും വിശ്വസിച്ചല്ലേ പറ്റൂ?"
    ഇത്രേം പറഞ്ഞപ്പോൾ നാട്ടുകാർക്ക് കാര്യങ്ങളൊക്കെ ബോധ്യമായി.  അമാവാസിയുടെ കൊള്ളപ്പലിശയ്ക്കും അത്യാഗ്രഹത്തിനും ഒരു താക്കീത് കൊടുക്കാൻ ഗണേശൻ ശ്രമിച്ചതാണെന്ന് അവർക്ക് മനസ്സിലായി.  ഗ്രാമത്തിലെ പ്രമാണി ഉടൻ തന്നെ ഇടപെട്ടു, "ഗണേശൻ പറഞ്ഞതും ന്യായമുണ്ട്, നിർജ്ജീവമായ വസ്തുക്കൾ പ്രസവിച്ചെന്ന് പറഞ്ഞപ്പോൾ പരാതി പറയാതെ അവയെ കൈക്കലാക്കിയ നിങ്ങൾ അവ മരിച്ചു പോയി എന്ന് പറഞ്ഞപ്പോൾ തർക്കത്തിനു വന്നിരിക്കുന്നു.  ന്യായം ഗണേശന്റെ ഭാഗത്തായതിനാൽ അന്യായമായ ആവശ്യത്തിന് ഇത്രേം ബഹളമുണ്ടാക്കിയ അമാവാസിയ്ക്ക് ഗ്രാമം ഒരു തുക പിഴ ചുമത്തുന്നു."
    അമാവാസി ആകെ വിഷണ്ണനായി, തന്റെ അത്യാർത്തി കാരണമുണ്ടായ ആപത്ത് അയാൾ തിരിച്ചറിഞ്ഞു.  ഗ്രാമത്തിലെ ജനങ്ങളോട് അയാൾ മാപ്പ് ചോദിച്ചു.  ഇനിമേൽ ആരിൽ നിന്നും അമിതമായി പണം ഈടാക്കില്ലെന്ന് അയാൾ ഉറപ്പ് നൽകി.
    ഇതിൽ സന്തുഷ്ടനായ ഗണേശൻ അമാവാസിയിൽ നിന്ന് വാങ്ങിയ മുഴുവൻ ആഭരണങ്ങളും തിരികെ കൊടുത്ത് മാതൃക കാട്ടി.
    അത്യാഗ്രഹവും അത്യാർത്തിയും ആപത്തിലേയ്ക്ക്  നയിക്കുമെന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ.... കഥ ഇഷ്ടപ്പെട്ടോ... വേറൊരു കഥയുമായി വീണ്ടും വരാം, ട്ടോ.....