Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, September 1, 2011

കുരങ്ങന്റെയും മുതലയുടെയും കഥ ("മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന്’)


        എന്റെ കുഞ്ഞുങ്ങളേ, പുതിയ കഥ കേൾക്കാൻ തിടുക്കമായി അല്ലേ....ഇന്ന് നമുക്ക് ഒരു കുരങ്ങന്റെയും മുതലയുടെയും കഥ കേൾക്കാം.....
    ഒരിടത്തൊരിടത്തൊരിടത്തൊരിക്കൽ പുഴയുടെ കരയിലുള്ള അത്തിമരത്തിൽ ഒരു കുരങ്ങൻ ജീവിച്ചിരുന്നു. അവൻ ആ മരത്തിൽ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. അവന് കൂട്ടുകാരൊന്നും ഇല്ലായിരുന്നു. തേൻ പോലെ മധുരമുള്ള അത്തിപ്പഴം ഭക്ഷിച്ച് വളരെ സന്തോഷവാനായി അവൻ കഴിഞ്ഞു.
     അങ്ങനെയിരിയ്ക്കേ ഒരു ദിവസം എങ്ങുനിന്നോ ഒരു വലിയ മുതല ആ നദിയിൽ എത്തി. നല്ല ചൂടുള്ള പകൽ സമയങ്ങളിൽ തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന അത്തിമരത്തിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു.
     ചങ്ങാതിമാരൊന്നുമില്ലാതെ വളരെയധികം ബോറടിച്ചിരുന്ന കുരങ്ങന് ഈ മുതലയോട് ഒന്ന് ചങ്ങാത്തം കൂടിയാലോ എന്ന മോഹം തോന്നി. എന്നാലും ഭീമാകാരനായ മുതലയെ അവന് ചെറിയ പേടിയായിരുന്നു. അവൻ പതുക്കെ ഒരു അത്തിപ്പഴം അടർത്തിയെടുത്ത് ആ മുതലയുടെ അടുത്ത് ഇട്ടുകൊടുത്തു. വിചാരിച്ചിരിക്കാതെ തന്റെ മുന്നിൽ വന്നു വീണ അത്തിപ്പഴം കണ്ട് മുതല മെല്ലെ മരത്തനു മുകളിലേയ്ക്ക് നോക്കി. കുരങ്ങൻ സൗഹൃദസൂചകമായി കൈവീശികാണിച്ചു കൊണ്ട് പറഞ്ഞു, “ഞാനാ ആ പഴം ഇട്ടുതന്നത്, കഴിച്ചോളൂ മുതലച്ചേട്ടാ, നല്ല മധുരമാ...”
      തെല്ലു സംശയത്തോടെയാണെങ്കിലും മുതല ആ പഴം ഒന്ന് രുചിച്ചു നോക്കി... “ഹായ്, കൊള്ളാമല്ലോ, കുരങ്ങൻ പറഞ്ഞത് എത്ര സത്യം" മുതല സന്തോഷത്തോടെ മുകളിലേയ്ക്ക് നോക്കി...
      “ഇഷ്ടപ്പെട്ടോ?” കുരങ്ങൻ ഒരു പഴം കൂടി ഇട്ടുകൊടുത്തു. അന്നു മുതൽ എല്ലാ ദിവസവും കുരങ്ങൻ മുതലയ്ക്ക് നല്ല മധുരമുള്ള അത്തിപ്പഴം ഇട്ടുകൊടുത്തു. മെല്ലെ മെല്ലെ അവർ വലിയ ചങ്ങാതിമാരായി. അവർ തമാശകളും കഥകളും ഒക്കെ പറഞ്ഞ് സമയം കളഞ്ഞു.
       മുതലയുടെ വീട് ആ പുഴയുടെ അങ്ങേക്കരയിലായിരുന്നു. ഒരു ദിവസം വൈകിട്ട് വീട്ടിലേയ്ക്ക് പോയപ്പോൾ മുതല തന്റെ ഭാര്യയ്ക്ക് കൊടുക്കാനായി ഒന്നുരണ്ട് അത്തിപ്പഴം കൂടെ കൊണ്ടുപോയി. തേൻ പോലെ മധുരമുള്ള ആ പഴങ്ങൾ മുതലയുടെ ഭാര്യയ്ക്ക് വളരെ ഇഷ്ടമായി. പിന്നെ ദിവസവും മുതല തന്റെ ഭാര്യയ്ക്ക് നല്ല മധുരമുള്ള അത്തിപ്പഴങ്ങൾ കൊണ്ടു കൊടുത്തു.
ദിവസങ്ങൾ കടന്നു പോയി. മുതലയുടെ ഭാര്യയ്ക്ക് ഒരു മോഹം - ഈ അത്തിപ്പഴങ്ങൾക്ക് ഇത്ര മധുരമാണെങ്കിൽ ദിവസവും ഈ പഴങ്ങൾ മാത്രം കഴിയ്ക്കുന്ന ആ കുരങ്ങന്റെ ഹൃദയത്തിന് എത്ര മധുരമായിരിക്കും! ഒരു ദിവസം തന്റെ ആഗ്രഹം അവൾ ഭർത്താവിനോട് പറഞ്ഞു. തന്റെ ഭാര്യയുടെ വിചിത്രമായ ആഗ്രഹം കേട്ട് മുതല ഞെട്ടിപ്പോയി.
     "പറ്റില്ല, അവൻ എന്റെ ഉറ്റചങ്ങാതിയാണ്, അവനെ ഞാൻ ഉപദ്രവിക്കില്ല", മുതല പറഞ്ഞു. വളരെയധികം നിർബന്ധിച്ചിട്ടും മുതല ഭാര്യയുടെ ആഗ്രഹത്തിനു വഴങ്ങിയില്ല. എന്നാലും തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. എങ്ങനെയെങ്കിലും ആ കുരങ്ങന്റെ ഹൃദയത്തിന്റെ സ്വാദ് അറിയണം. അവൾ പല വഴികളും ചിന്തിച്ചു. ഒടുവിൽ ഒരു വഴി കണ്ടുപിടിച്ചു.
     അന്ന് മുതല വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അവന്റെ ഭാര്യ അസുഖമനുഭവിച്ച് കിടന്നു. തന്റെ വയറിന് വല്ലാത്ത അസുഖം ബാധിച്ചെന്നും, അത്തിപ്പഴം കഴിക്കുന്ന കുരങ്ങന്റെ ഹൃദയം കഴിച്ചാൽ മാത്രമേ ഈ അസുഖം മാറുകയുള്ളൂവെന്ന് വൈദ്യൻ പറഞ്ഞതായും അവൾ പറഞ്ഞു. വേദനയിൽ പുളയുന്നതായി അഭിനയിക്കുകയും ചെയ്തു. മുതല ആകെ ധർമ്മസങ്കടത്തിലായി. എങ്ങനെ തന്റെ സുഹൃത്തിന്റെ ഹൃദയം ഇവൾക്ക് കൊടുക്കും. പക്ഷേ, ഭാര്യ വേദനയാൽ പുളയുന്നത് കണ്ടു നിൽക്കാനും വയ്യ.
       അടുത്ത ദിവസം പതിവുപോലെ അത്തിമരച്ചുവട്ടിലെത്തിയ മുതലയുടെ മ്ലാനമായ മുഖം കണ്ട് കുരങ്ങൻ കാര്യമന്വേഷിച്ചു. തന്റെ ഭാര്യയുടെ വേദനയോടെയുള്ള മുഖം ഓർത്തപ്പോൾ അവന് കുരങ്ങനെ എങ്ങനെയെങ്കിലും തന്റെ വീട്ടിലെത്തിക്കണമെന്ന് തോന്നി. അവൻ ഒരു ഉപായം പുറത്തെടുത്തു - കുരങ്ങനോട് പറഞ്ഞു, “നമ്മൾ ഇത്ര നല്ല ചങ്ങാതിമാരല്ലേ, എന്നിട്ടും നിന്നെ എന്റെ വീട്ടിൽ ഇതുവരെയും ഞാൻ കൊണ്ടുപോയില്ലല്ലോ. എന്റെ ഭാര്യ അതുകാരണം എന്നോട് വലിയ പരിഭവം പറഞ്ഞു. നീ ഇന്ന് എന്റെ കൂടെ എന്റെ വീട്ടിൽ വരണം. ഈ നദിയുടെ അങ്ങേകരയിലാണ് എന്റെ വീടെന്നറിയാമല്ലോ"
    ശുദ്ധഗതിക്കരനായ കുരങ്ങൻ പറഞ്ഞു, “മുതലചേട്ടൻ വിഷമിക്കേണ്ടാ, ഞാൻ വരാം. പക്ഷേ എനിക്ക് ഈ നദിയുടെ അപ്പുറത്തെത്താൻ നീന്തൽ വശമില്ലല്ലോ"
     “അതിനെന്താ, എന്റെ മുതുകിൽ കയറിയ്ക്കോ, ഞാൻ നിന്നെ കൊണ്ടുപോകാം", തന്റെ ഉപായം ഫലിക്കുന്നെന്ന് തോന്നിയ മുതല പറഞ്ഞു.
   ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കുരങ്ങൻ പതുക്കെ മുതലയുടെ മുതുകിൽ പറ്റിപ്പിടിച്ചു കയറി. മുതല പുഴയുടെ അങ്ങേക്കരയിലേയ്ക്ക് നീന്തിത്തുടങ്ങി. തന്റെ ചങ്ങാതിയെ ചതിയ്ക്കുന്നെന്ന തോന്നൽ അവനെ അലട്ടി. വിശേഷങ്ങൾ ഒക്കെ പറഞ്ഞ് സന്തോഷത്തോടെ കുരങ്ങൻ ഇരിക്കുന്നു. പക്ഷേ, ഇവനോട് പറയാതെ വയ്യ, മുതലയ്ക്ക് സങ്കടമായി. അവൻ വളരെ വിഷമത്തോടെ തന്റെ ഉദ്ദേശം കുരങ്ങനെ അറിയിച്ചു. ആകെ ഞെട്ടിപ്പോയ കുരങ്ങൻ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണമെന്ന് വിചാരിച്ചു. ഇപ്പോൾ നദിയുടെ നടുക്കെത്തിക്കഴിഞ്ഞു, ഇനി സമയവുമില്ല. അവൻ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് മനസ്സലിൽ പ്രാർത്ഥിച്ചു. പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി. ഭയം മറച്ചുവച്ചുകൊണ്ട് അവൻ മുതലയോട് പറഞ്ഞു, “മുതലച്ചേട്ടാ, ശരിയാ എന്റെ ഹൃദയം കഴിച്ചാൽ ആ രോഗം മാറും. പക്ഷേ ഇക്കാര്യം നേരത്തേ ഒന്ന് പറയരുതായിരുന്നോ? ഞാൻ എന്റെ ഹൃദയം ആ അത്തിമരത്തിന്റെ പൊത്തിൽ അഴിച്ചു വച്ചിരിക്കുകയാണ്. അതെടുക്കാൻ മറന്നല്ലോ. സാരമില്ല, നമുക്കത് ചെന്ന് എടുത്തിട്ട് വരാം, ചേട്ടൻ തിരികെ എന്നെ ആ അത്തിമരത്തിനടുത്ത് ഒന്നെത്തിച്ചേ"
     എങ്ങനെയോ മുതല അതങ്ങ് വിശ്വസിച്ചു, “നീ അധികം സമയം പാഴാക്കരുത്, അവൾ കാത്തിരിക്കുകയാണ്" മുതല തിരികെ നീന്താൻ തുടങ്ങി. കരയ്ക്ക് ഏതാണ്ട് അടുത്തെത്തിയപ്പോൽ തന്നെ കുരങ്ങൻ ചാടിയിറങ്ങി ഓടിച്ചെന്ന് മരത്തിൽ കയറി. താഴെ കാത്തു നിന്ന മുതലയോട് പറഞ്ഞു, “ എടാ മണ്ടൻ മുതലേ, ആരെങ്കിലും സ്വന്തം ഹൃദയം അഴിച്ചെടുത്ത് മാറ്റിവയ്ക്കുമോ? ചങ്ങാതിയെ ചതിക്കാൻ ശ്രമിച്ച നിന്നെ ഇത്രേം നാൾ ഞാൻ വിശ്വസിച്ചല്ലോ, കഷ്ടം. ഇനി ഈ പരിസരത്ത് കണ്ടുപോകരുത്... പോ എന്റെ മുന്നിൽ നിന്ന്...”കുരങ്ങന് ദേഷ്യവും സങ്കടവും ഒക്കെ വന്നു.”
       മുതല വളരെ ലജ്ജയോടെ മുഖം വെള്ളത്തിലാഴ്ത്തി വേഗം സ്ഥലം വിട്ടു.
      കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ......തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....
എല്ലാപേർക്കും ഓണാശംസകൾ …...

23 comments:

  1. തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....

    എല്ലാപേർക്കും ഓണാശംസകൾ

    ReplyDelete
  2. പുതിയ തലമുറക്ക് വേണ്ടി ഒർമ്മയുടെ പഴമയിലെക്ക് ഒരു എത്തിനോട്ടം. നന്നായിരിക്കുന്നു ചേച്ചിക്കും ഓണാശംസകൾ

    ReplyDelete
  3. ....തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന മാവിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു.

    ടീച്ചറേ...ടീച്ചറേ.....മോളില്‍ക്കാണുന്ന വരി ഒന്നു തിരുത്തണേ..ടീച്ചറെ..
    ‘മാവ്‘..അല്ല ‘അത്തിമരം’ ആണേ..!

    ഈ പുഴക്കരയും അത്തിമരവും കുരങ്ങനും ,മുതലയും, കാലങ്ങള്‍ക്കു ശേഷം വീണ്ടും കാട്ടിത്തന്നതിന് നന്ദി..!

    ആശംസകളോടെ...

    ReplyDelete
  4. സാധു: നന്ദി ഈ വഴി വന്നതിന്
    പ്രഭൻ കൃഷ്ണൻ : വളരെ നന്ദി തെറ്റ് ചൂണ്ടിക്കാട്ടിയതിന്. തിരുത്തിയിട്ടുണ്ട്.

    ReplyDelete
  5. ഹ ഹ അല്ലേലും ആ മുതല മണ്ടനാണെന്നു എനിക്കു നേരത്തെ മനസിലായി

    അല്ലെങ്കില്‍ നല്ല ചൂടുള്ള പകല്‍ നേരത്ത്‌ വെള്ളത്തില്‍ നിന്നു കരയ്ക്കു കയറി ആരെങ്കിലും തണല്‍ തേടീ പോകുമൊ?
    വട്ടന്‍

    ReplyDelete
  6. പണിക്കർ സാറേ എനിക്കു വയ്യായേ. കമന്റ് വായിച്ച് ഞാൻ ചിരിച്ച് ചിരിച്ച് ................!
    ചേച്ചി ഒന്നും വിചാരിക്കരുത്. സാറ് പറഞ്ഞ ആ തമാശ കണ്ടാൽ ആരാ ചിരിക്കാത്തത്?
    പോട്ടെ. ഇങ്ങനെ ചില കൈപ്പിഴകളുണ്ടെന്നതൊഴിച്ചാൽ കഥാവതരണം മെച്ചപ്പെട്ടതു തന്നെ.
    ഞാൻ വീട്ടിൽ നിന്നും വരുമ്പോൾ മോൻ ചോദിക്കാറുണ്ട്: അച്ഛാ മൊബൈൽ, താക്കോൽ, കണ്ണട, കാശ്, കർച്ചീഫ്, എല്ലാം എടുത്തല്ലോ? എന്ന്
    ഭാര്യ മനസ്സിൽ കാണും: ഉം! എല്ലാമെടുത്തു. ഒപ്പം ആ ഹൃദയവും എടുത്തിട്ടുണ്ട്. ആരെയൊക്കെ ഫീഡാക്കാനാണാവോ! എന്നായിരിക്കും.

    ReplyDelete
  7. “തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....“
    ഓര്‍മയിരിക്കട്ടെ..വിധു....!

    ReplyDelete
  8. ഇതുവായിക്കുന്നവരെല്ലാം നിഷ്കളങ്ക മനസ്സുള്ള കുട്ടികൾ അല്ലേ?അപ്പോൾ അവർ ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടായിരിക്കും കഥകൾ കേൾക്കുക എന്നുചിന്തിച്ചു .കഥയിൽ ചോദ്യമില്ലാ എന്നല്ലെ. ഒരുകാലത്ത് കഥപറഞ്ഞു (താരാട്ടുപോലെ) കുഞ്ഞുങ്ങളെ ഉറക്കിയിരുന്നു.
    അവർ സംശയങ്ങൾ ചോദിക്കും.അമ്മ അതു തീർത്തുകൊടുക്കും.ആ സംശയം കേട്ട് ഒരമ്മയും തെറ്റായി ഒന്നും വിചാരിച്ചിട്ടില്ല.("ചേച്ചി ഒന്നും വിചാരിക്കരുത്")
    എന്റെ മക്കളേ പലപ്പോഴും മുതല പൂർണമായും വെള്ളത്തിൽ മുങ്ങി കിടക്കാറില്ല. നല്ല വെയിലുള്ളപ്പോൾ വെള്ളത്തിനു മുകളിൽ ഉള്ള ശരീരത്തിനു ചൂടു തോന്നും.(കരയിൽ കയറിക്കിടന്നു എന്നു എഴുതിയതായി ഞാൻ കണ്ടില്ല).മരത്തിന്റെ നിഴൽ വെള്ളത്തിലും വരും മക്കളേ.ആ തണലിൽ അല്ലെ മുതല കിടന്നത്?
    "പുഴയുടെ കരയിലുള്ള അത്തിമരത്തിൽ ഒരു കുരങ്ങൻ ജീവിച്ചിരുന്നു. നല്ല ചൂടുള്ള പകൽ സമയങ്ങളിൽ തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന അത്തിമരത്തിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു."ഈ പിഴവ് സമ്മതിച്ചു കൊണ്ടു തന്നെ അവതരണം നന്നായി എന്നു പറഞ്ഞ്തിനു നന്ദി വിധു. ഇനിയും തെറ്റുകൾ കാണിച്ചു തരണം പ്രോൽസാഹിപ്പിക്കണം.

    പണിക്കർ സാറേ ഇതു ഞാൻ കുട്ടിക്കാലത്തു കേട്ട മുത്തശ്ശിക്കഥയണേ.
    ഇന്നു ഇതുപോലത്തെ കഥകൾ പറയുന്നവരാണേ ശരിക്കും മണ്ടൻ വട്ടൻ അല്ലേ? അതും ഞാൻ സമ്മതിച്ചു.
    ഇനിയും വരണം വായിച്ചു മണ്ടത്തരങ്ങൾ ചൂണ്ടിക്കാണിക്കണം പ്രോൽസഹിപ്പിക്കണം, വിധുവിനേ ചിരിപ്പിക്കണം, നന്ദി.

    ReplyDelete
  9. പണ്ട് സ്കൂള്‍ ക്ലാസില്‍ ഈ കഥ പഠിക്കാനുണ്ടായിരുന്നു. “മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന്’ പേര് ഇങ്ങനെയായിരുന്നെന്ന് തോന്നുന്നു.

    അവതരണം നന്നായി.

    ഓണാശംസകള്‍

    ReplyDelete
  10. പ്രഭൻ കൃഷ്ണൻ: നന്ദി
    വശംവദൻ: ആ പേര് ഓർമ്മിപ്പിച്ചതിനെ ഒത്തിരി നന്ദി,അതു പോസ്റ്റിൽ ചേർക്കുന്നു കേട്ടോ, നന്ദി.

    ReplyDelete
  11. അയ്യൊ കിലുക്കാമ്പെട്ടി ഞാന്‍ കളിയാക്കാന്‍ പറഞ്ഞതല്ല . എഴുതുന്നതിനു മുന്‍പും എഴുതി കഴിഞ്ഞും രണ്ടു പ്രാവശ്യം നോക്കി ഉറപ്പു വരുത്തിയതും ആയിരുന്നു കരയില്‍ കയറി എന്ന് എഴുതിയിട്ടില്ല എന്ന്

    പഞ്ചതന്ത്രം കഥയല്ലെ എല്ലാവര്‍ക്കും അറിയാവുന്നതല്ലെ എന്തെങ്കിലും കമന്റണ്ടെ എന്നെ കരുതിയുള്ളു

    ഇനിയും വരും കേട്ടൊ :)

    ReplyDelete
  12. പിന്നെ മുതലകള്‍ പുഴയില്‍ നിന്നും കരയ്ക്കു കയറുന്നത്‌ ചൂടു കിട്ടാനാണ്‌ Cold Blooded animal അല്ലെ. അവ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ശരീരത്തിനെ ചൂടു പിടിപ്പിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ഉന്മേഷം ഉള്ളവരും ഇരപിടിക്കുവാന്‍ കൂടുതല്‍ സമര്‍ത്ഥരും ആകും.
    അവയ്ക്കു തണുപ്പു വേണം എന്നുണ്ടെങ്കില്‍ വെള്ളത്തിലേക്കു താഴ്‌ന്നാല്‍ മതിയല്ലൊ

    ഇതൊക്കെ കൊണ്ട്‌ നിര്‍ദ്ദോഷമായ ഒരു കമന്റായി കരുതും എന്നെ വിചാരിച്ചുള്ളു

    വിധു ജീ പറ്റിച്ചു അല്ലെ?
    :))

    ReplyDelete
  13. കുട്ടികൾക്കായി എഴുതിയ ഈ കഥയുടെ ഇപ്പോഴത്തെ പ്രസക്തിയെ പറ്റിയും അതിലെ ചില സാങ്കേതിക പ്രശ്നങ്ങളെ പറ്റിയും പറഞ്ഞ് അത് എഴുതിയ ആൾക്ക് വിഷമം നൽകേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. പണിക്കർ സാർ പറഞ്ഞതു പോലെ സാറിന്റെ കമന്റ് നിർദ്ദോഷമായ ഒരു കമന്റായി കണ്ട് സ്വകാര്യമായി രസിച്ചാൽ മതിയായിരുന്നു. പറ്റിപ്പോയി. ഇതു പോലൊരു തെറ്റ് മറ്റൊരു പോസ്റ്റിൽ കണ്ടപ്പോൾ ഞാനത് കമന്റ് ബോക്സിലിടാതെ ഇമെയിൽ ചെയ്യുകയാണുണ്ടായത്. പക്ഷേ പെട്ടെന്ന് നില മറന്ന് പോയി. ചുരുങ്ങിയ പക്ഷം ഇതു പോലൊരു ബ്ലോഗിലെങ്കിലും ഇത്തരം പരാക്രമം കാണിക്കാതിരിക്കാമായിരുന്നു. തെറ്റിന് വിനയപൂർവ്വം മാപ്പ് ചോദിക്കുന്നു.
    പ്രതീക്ഷയോടെ വിധു

    ReplyDelete
  14. ശ്ശെടാ ഇതിപ്പൊ മാപ്പ്‌ ഞാനല്ലെ ചോദിക്കേണ്ടത്‌
    അതിനു വിധു ജി എന്തു പിഴച്ചു?

    വിവരക്കേട്‌ എഴുതുന്നതിനു മുന്നെ ഞാന്‍ അത്ര ആലോചിച്ചില്ല
    സോറി

    ReplyDelete
  15. കുഞ്ഞുന്നാളിലെ കേട്ടു മറന്ന കഥകള്‍ ഒക്കെ വീണ്ടും ഓര്‍ക്കാന്‍ ഇനിയും വരാംട്ടോ...

    ReplyDelete
  16. കഥയ്കൊപ്പം ഒരു നല്ല തിരിച്ചറിവും...ചിലകാര്യങ്ങൾ ഹൃദയം കൊണ്ട് ഉൾക്കൊള്ളണം...സാങ്കേതികപ്രശ്നങ്ങൾ അല്ലല്ലോ കൊച്ചുകുഞ്ഞുങ്ങളെ കഥ കേൾപ്പിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

    പണിക്കർ സാർ പറഞ്ഞ ആ പുതിയ അറിവ് നമുക്ക് സമ്പാദ്യപ്പെട്ടിയ്ക്കൊപ്പം
    ചേർത്തു വായിക്കാം, അല്ലേ...

    എന്തായാലും വിണ്ടും, കേട്ടുമറന്ന ഒരു കഥകൂടി പറഞ്ഞുതന്ന് കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോയി...

    പിന്നെ, ഒരു അഭിപ്രായം പറയട്ടേ...കിലുക്കാംപെട്ടിയിലെ 'ആനന്ദപബ്ദിക്കിനിയെന്തുവേണം' , കഥപ്പെട്ടിയിലെ 'പ്രകൃതിയും അമ്മയും സ്നേഹവും'
    എന്നീ പോസ്റ്റുകളിലേതുപോലെ സ്വന്തം ശബ്ദത്തിൽ ഈ കഥകൾ ഒന്നു ചൊല്ലി കേൾപ്പിച്ചൂടേ ഉഷാമ്മേ...

    ReplyDelete
  17. മുതല വെയില്‍ കായാന്‍ കിടക്കുമ്പോള്‍ വായ തുറന്നു പിടിക്കുന്നത്‌ , നായ്ക്കളെ പോലെ ഒരു പരിപാടി ആണ്‌.

    ശരീരത്തിന്റെ ചൂടു നിയന്ത്രിക്കുവാന്‍ നമ്മളെ പോലെ കഴിവില്ലാത്ത ജന്തുക്കള്‍ ആണ്‌ അവ.
    അതുകൊണ്ട്‌ പുറമെ വെയില്‍ കൊണ്ട്‌ ചൂടാകുമ്പോള്‍ അകം കൂടുതല്‍ ചൂടാകാതിരിക്കാന്‍ ആണ്‌ അവ വായതുറന്നു കിടക്കുന്നത്‌. നായകള്‍ അണയ്ക്കുന്നതുപോലെ

    ReplyDelete
  18. കുരങ്ങന്റെ ഹൃദയം എവിടെ എന്ന പേരില്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ച കഥയല്ലേ? മോനു വായിച്ചുകൊടുക്കാം, അവനിപ്പോള്‍ ഉറക്കമാണ്, കഥ കേല്‍ക്കാന്‍ വല്യ ഇഷ്ടമാ കക്ഷിക്ക്

    ReplyDelete
  19. ലിപി രഞ്ജു, സ്മിത മീനാക്ഷി : വന്നു വായിച്ചതിനും കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കും എന്നറിഞ്ഞതിലും വലിയ സന്തോഷം.

    പണിക്കർ സാർ : പണിക്കർ സാറിന്റെ ഓരോ അഭിപ്രായങ്ങളും എന്റെ പോസ്റ്റിനെ കൂടുതൽ കൂടുതൽ സമ്പന്നമാക്കുകയാണ് ചെയ്തത്. അതിന് ഞാൻ വീണ്ടും വീണ്ടും നന്ദി പറയുന്നു. കഥപ്പെട്ടിയിൽ കഥ വായിക്കാൻ വരുന്നവരെല്ലാം എന്റെ കുട്ടികളാണ്. അവർക്ക് സംശയം ചോദിക്കാം, അഭിപ്രായം പറയാം, കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ വഴക്കുണ്ടാക്കാം, പിണങ്ങാം. അതിനൊന്നും പരിഭവമോ പിണക്കമോ ഇല്ല. പിന്നെന്തിനാ വെറുതേ ഒരു ക്ഷമാപണം. ഇനിയും വഴക്കുണ്ടാക്കണം, പിണങ്ങണം, ഇഷ്ടമുള്ളതൊക്കെ പറയണം, അങ്ങനെ അങ്ങനെ ഈ കഥപ്പെട്ടിയെ സമ്പന്നമാക്കണം.

    വിധു ചോപ്ര : ചിരി ആരോഗ്യത്തിന് വളരെയധികം നല്ലതല്ലേ, ഇഷ്ടം പോലെ ചിരിയ്ക്കൂ...... പിന്നെ, എന്തിനാ വെറുതേ ക്ഷമ പറയുന്നത്? നിങ്ങളൊക്കെ പറഞ്ഞതെല്ലാം ശരിയാണ്. കുട്ടികളെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കൂ.... ചിരിക്കാനുള്ള കഥകളുമായി വീണ്ടും ഞാൻ വരാം......

    ReplyDelete
  20. ഹൊ ഞാനങ്ങു പേടിച്ചു പോയാരുന്നു ഇനി പണ്ടു കണ്ട ആനയേ എങ്ങാനും വിളിച്ചു കോണ്ട്‌ ഞങ്ങളുടെ നേരെ വിടുമോ ന്ന്‌

    ഇപ്പൊ സമാധാനമായി

    ReplyDelete
  21. വായിച്ചിട്ടുള്ള കഥയാണ്, എന്നാലും വായിച്ചു രസിച്ചു കുഞ്ഞായി...അതിന് ഒത്തിരി നന്ദി......അഭിനന്ദനങ്ങൾ.

    ReplyDelete
  22. കേട്ടു വളര്‍ന്ന ഈ കഥകളെല്ലാം.. നമ്മുടെ കുട്ടികള്‍ക്കായി ഇവിടെ ഇനിയും പിറക്കട്ടെ..
    ഉദ്യമത്തിനു ആശംസകള്‍

    ReplyDelete
  23. സൂപ്പർ സ്റ്റോറി

    ReplyDelete