Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, November 1, 2012

ചിലന്തി പഠിപ്പിച്ച പാഠം


സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ...... കഥപ്പെട്ടിയിലെ കഥകളും സമ്പാദ്യപ്പെട്ടിയിലെ അറിവുകളും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്.  ഇത്തവണ നമുക്ക് പ്രകൃതിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയത്തിലേയ്ക്ക് കുതിച്ച ഒരു രാജാവിന്റെ കഥ കേൾക്കാം, ട്ടോ.... ഇത്, വളരെ നാൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു രാജാവിന്റെ അനുഭവ കഥയാണത്രേ.  എന്തായാലും നമുക്ക് ഇതിന്റെ ഗുണപാഠവും, നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ കിട്ടാവുന്ന ഗുണങ്ങളും മനസ്സിലാക്കാം, അല്ലേ...
       നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാവായിരുന്നു റോബർട്ട് ബ്രൂസ് (AD 1306 മുതൽ 1329 വരെ).  ഒരേ സമയം ധീരനും നീതിമാനും പ്രജാതത്പരനുമായിരുന്നു ബ്രൂസ്.  പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടം വളരെയേറെ സംഘർഷങ്ങൾ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു.  അയൽരാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് നിരന്തരം സ്കോട്ട്‌ലാന്റുമായി യുദ്ധം നടത്തിയിരുന്നു.   സ്കോട്ട്‌ലന്റിനെ തങ്ങളുടെ അധീനതയിലാക്കി തങ്ങളുടെ ഭാഗമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒടുവിൽ ഒരു യുദ്ധത്തിൽ ഇംഗ്ലണ്ട് വിജയം കാണുക തന്നെ ചെയ്തു.  ധീരനായ ബ്രൂസ് തന്റെ സമർത്ഥരായ സൈനികരുമൊത്ത് പലപ്രാവശ്യം രാജ്യം തിരികെ പിടിക്കാൻ യുദ്ധം ചെയ്തു.  തുടരെത്തുടരെയുള്ള ആറ് യുദ്ധങ്ങളിലും ബ്രൂസിന്റെ സൈന്യത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.  ഒടുവിൽ സൈന്യം തന്നെ ചിന്നിച്ചിതറി പലേടത്തായി പോയി. രാജാവ്  വടക്കലന്റിലെ റാത്‌ലി ദ്വീപിലെ ഒരു വനത്തി ഒറ്റപ്പെടുകയും ചെയ്തു.  അദ്ദേഹം ആകെ നിരാശനായിരുന്നു.  ഇത്രേം തവണ തോൽക്കുകയും തന്റെ സൈന്യം ആകെ താറുമാറാകുകയും ചെയ്തിരിക്കുന്നു.  ഇനിയൊരു അങ്കത്തിന് നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നി. 
മഴയുള്ള ഒരു ദിനത്തിൽ വനത്തിലെ ഒരു ഗുഹയിൽ ചിന്താവിഷ്ടനായി ഇരുന്ന അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു.  ‘മഴക്കച്ചേരി’യും ശ്രദ്ധിച്ചു കൊണ്ട് നിന്ന അദ്ദേഹം പെട്ടെന്ന് ആ ഗുഹയിലെ ചുവരിൽ ഒരു ചിലന്തിയെ കണ്ടു.  ചുവരിന്റെ ഒരു വശത്തു നിന്നും മറ്റേ വശത്തേയ്ക്ക് തന്റെ വല ഉറപ്പിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ ചിലന്തി.  രാജാവിന് ഈ കാഴ്ചയിൽ വളരെ കൗതുകം തോന്നി.  ചുമരിന്റെ ഒരു വശത്ത് നിന്നും വറു വശത്തേയ്ക്ക്  തന്റെ വലയുടെ നൂലുമായി ചാടിയാണ് ചിലന്തി വല  നെയ്യുന്നത്.  ഒന്നുരണ്ട് തവണ ചിലന്തി അതിൽ പരാജയപ്പെട്ടു; തിരികെ പഴയ സ്ഥാനത്തെത്തി വീണ്ടും ശ്രമിച്ചു. 
രാജാവിന് ആകാംക്ഷയായി.  ചിലന്തി വീണ്ടും വീണ്ടും ചുമരിന്റെ അങ്ങേ വശത്തു വന്ന് ശ്രമം തുടരുന്നു.  ആദ്യത്തെ ആറ് തവണയും പരാജയമായിരുന്നു ഫലം.  രാജാവ് സ്വയം പറഞ്ഞു, “എന്റെ കാര്യവും അങ്ങനെ തന്നെ, ആറു തവണയും പരാജയപ്പെട്ടു, ഇനി രക്ഷയില്ല തന്നെ, വെറുതെ പരിശ്രമിച്ചിട്ടു കാര്യമില്ല”
പക്ഷേ ചിലന്തി വിടാൻ ഭാവമില്ലായിരുന്നു.  ആദ്യത്തെ ശ്രമത്തിന്റെ അതേ ഉത്സാഹത്തോടെ, അതേ ഊർജ്ജത്തോടെ, പ്രതീക്ഷയോടെ അത് വീണ്ടും ശ്രമിച്ചു.  ഇത്തവണ ചിലന്തി ലക്ഷ്യം കണ്ടു.  രാജാവിന്റെ കണ്ണുകളിൽ പെട്ടെന്ന് പ്രകാശം വിടർന്നു.  പരാജയം ഒരിക്കലും നമ്മെ തളർത്തിക്കൂടാ, വീണ്ടും വീണ്ടും ആത്മാർത്ഥമായി പരിശ്രമിക്കണം, വിജയം തീർച്ചയായും നമുക്കൊപ്പം വരും.
നിശ്ചയധാർഷ്ട്യത്തോടെ ബ്രൂസ് രാജാവ് ചാടിയെഴുന്നേറ്റു.  തന്റെ രാജ്യം തിരികെ പിടിക്കാൻ വർദ്ധിത വീര്യത്തോടെ, ചിതറിപ്പോയ തന്റെ സൈനികരെ തിരഞ്ഞു പിടിച്ച് സൈന്യം പുനഃസംഘടിപ്പിച്ചു.  സൈനികർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ആ ചിലന്തിയുടെ കഥ പറഞ്ഞു കൊടുത്തു.  സ്കോട്ട്‌ലന്റ് സൈന്യം വീണ്ടും യുദ്ധസന്നദ്ധരായി.  ഇംഗ്ലണ്ടുകാർക്കെതിരെ ഏഴാമത്തെ യുദ്ധം പ്രഖ്യാപിച്ചു.  ബ്രൂസ് രാജാവിന്റെ സൈന്യത്തിന്റെ ശക്തിയെ പുച്ഛിച്ചു തള്ളിയിരുന്ന  ഇംഗ്ലീഷ് സൈന്യത്തെ രൂക്ഷമായ യുദ്ധത്തിനൊടുവിൽ തോൽപ്പിച്ച് രാജാവ് രാജ്യം തിരിച്ചു പിടിച്ചു.
സ്കോട്ട്‌ലന്റിന്റെ ചരിത്രത്തിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന ഒരേടാണ് ബ്രൂസ് രാജാവും, ചിലന്തിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തെ രക്ഷിച്ച സംഭവവും.

കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ?    തോൽവികളിൽ തളരാതെ, വീണ്ടും വീണ്ടും പരിശ്രമിച്ചാൽ  വിജയം തീർച്ചയായും ഉണ്ടാവും, അല്ലേ?  (വീണ്ടും വീണ്ടും യുദ്ധം ചെയ്യാനുള്ള ഒരു ആഹ്വാനമല്ല കേട്ടോ).  നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ ഒരുപാട് പാഠങ്ങളും മാതൃകകളും ഒക്കെ പ്രയോജനപ്പെടുത്താം....
ഇത് വെറും ഒരു കഥയല്ലെന്ന് തോന്നുന്നു.  AD 1306 മുതൽ 1329 വരെ റോബർട്ട് ബ്രൂസ് സ്കോട്ട്‌ലന്റ് ഭരിച്ചിരുന്നെന്ന് ചരിത്രം പറയുന്നു.  റോബർട്ട് ബ്രൂസിനെ കുറിച്ച് അറിയാൻ ദേ ഇവിടെയും,  ഈ ചിലന്തിയെക്കുറിച്ച് കൂടിതലറിയാൻ ദേ ഇവിടെയും ക്ലിക്ക് ചെയ്തേ.

Monday, October 1, 2012

തത്തമ്മയുടെ ഉപദേശങ്ങൾ



ഗ്രാമത്തിലെ കച്ചവടക്കാരനായിരുന്നു ശങ്കുശങ്കുവിന്റെ വീട്ടി ദിവസവും രാവിലെ ഒരു തത്തമ്മ എത്തുമായിരുന്നു. വളരെ രസകരമായി സംസാരിക്കുന്ന ആ തത്തമ്മ പെട്ടെന്നു തന്നെ അവന്റെ ചങ്ങാതിയായി.  തന്റെ കൂട്ടുകാരുടെ മുന്നി അഭിമാനത്തോടെ പ്രദശിപ്പിക്കാനായി നല്ല ഭംഗിയുള്ള ആ തത്തമ്മയെ സ്വന്തമാക്കാ അവ അതിയായി ആഗ്രഹിച്ചു. അതെ കൂട്ടിലാക്കിയാ എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ. ഒരു ദിവസം തക്കം കിട്ടിയപ്പോ അവ അതിനെപ്പിടിച്ച് കൂട്ടിലടച്ചു
            കൂട്ടിലടച്ച തത്തമ്മയെക്കൊണ്ട് സംസാരിപ്പിക്കാ ശങ്കു ആവുന്നത്ര ശ്രമിച്ചു നോക്കിപക്ഷേ തത്തമ്മ ഒരക്ഷരമ്പോലും ഉരിയാടാ കൂട്ടാക്കിയില്ലനല്ല ഭക്ഷണമൊക്കെ കൊടുത്ത് തത്തമ്മയെ അനുനയിപ്പിക്കാ ശങ്കു ശ്രമിച്ചു; പക്ഷേ രക്ഷയില്ല.... പിന്നെ അതിനെ പട്ടിണിക്കിട്ട് ഭീഷണിപ്പെടുത്തി സംസാരിപ്പിക്കാ ശ്രമിച്ചുഅതിലും വിജയിച്ചില്ലഭക്ഷണവും വെള്ളവും കിട്ടാതെ തത്തമ്മ വല്ലാതെ ക്ഷീണിച്ചുഎന്നിട്ടും ശങ്കു  അതിനെ അനുനയിപ്പിക്കാ ശ്രമിച്ചുകൊണ്ടിരുന്നുനിവൃത്തിയില്ലാതെ വന്നപ്പോ തത്തമ്മ പറഞ്ഞു, "ദയവായി എന്നെ തുറന്നു വിടൂകൂട്ടിനകത്തിരുന്നാ എനിക്ക് നന്നായി സംസാരിക്കാ സാധിക്കില്ലസ്വതന്ത്രയായി നടന്നാലേ എനിക്ക് സംസാരിക്കാനാവൂ."
            അതിലൊന്നും ശങ്കു വഴങ്ങിയില്ലതത്തമ്മയ്ക്ക് പെട്ടെന്ന്  ഒരു ബുദ്ധി തോന്നിഅവ പറഞ്ഞു, "എന്നെ കൂട്ടി നിന്ന് തുറന്നു വിട്ടാ ഞാ നിങ്ങക്ക് വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങ പറഞ്ഞു തരാംഅവ നിങ്ങളുടെ ജീവിതത്തി വളരെയേറെ വിജയങ്ങ സമ്മാനിക്കും"
            ഈ വാക്കുക ശങ്കുവിനെ പ്രചോദിപ്പിച്ചുജീവിത വിജയത്തിനായുള്ള മൂന്ന് കാര്യങ്ങ കേക്കാ അവന് തിടുക്കമായിഅവ തത്തമ്മയുടെ കൂട് തുറന്നുതത്തമ്മ പെട്ടെന്നു തന്നെ കൂട്ടി നിന്ന് പറന്ന് അടുത്തുള്ള മരത്തിന്റെ ഉയന്ന ചില്ലയി ഇരുന്നു. എന്നിട്ട് പറഞ്ഞു, "ഞാ പറയുന്നത് ശ്രദ്ധിച്ച് കേട്ടോളൂ, ജീവിത വിജയത്തിനായുള്ള പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങ ഇവയാണ്...
            ആപത്തി പെട്ടിരിക്കുന്നവ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്
            കയ്യി കിട്ടിയ ഒന്ന് മരത്തിലിരിക്കുന്ന രണ്ടിനേക്കാ ഭേദമാണ്
            പിന്നെ, നഷ്ടപ്പെട്ടതിനെ കുറിച്ചോത്ത് ഒരിക്കലും സങ്കടപ്പെടരുത്..."
            ഇത്രയും പറഞ്ഞ് തത്തമ്മ അകലേയ്ക്ക് പറന്നു പോയി. ആദ്യം നിരാശ തോന്നിയെങ്കിലും ആലോചിച്ചു നോക്കിയപ്പോ ശങ്കുവിന് തത്തമ്മ പറഞ്ഞ കാര്യങ്ങ നന്നായി ബോദ്ധ്യപ്പെട്ടുപിന്നീടൊരിക്കലും ശങ്കു ഇത്തരത്തിലുള്ള അത്യാഗ്രഹവും അമിതാവേശവും മണ്ടത്തരവും കാട്ടിയിട്ടില്ല.
            എന്റെ കൊച്ചു കുഞ്ഞുങ്ങക്ക് ഇതി നിന്ന് കുറെ  നല്ല കാര്യങ്ങ മനസ്സിലായില്ലേ? തത്തമ്മയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കാൻ ദേ ഇവിടെ ക്ലിക്ക് ചെയ്തേ

Saturday, September 1, 2012

അത്യാഗ്രഹം അത്യാപത്ത്...


ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു.   വളരെ ഭക്തനായിരുന്ന അദ്ദേഹം രാജ്യകാര്യങ്ങൾ നോക്കുന്നതിനൊപ്പം കഠിനമായി തപസ്സ് ചെയ്ത് അനേകം വരങ്ങളും വാങ്ങിക്കൊണ്ടിരുന്നു.  ക്രമേണ ഇത് അദ്ദേഹത്തെ അത്യാഗ്രഹിയാക്കി മാറ്റി.  ഒരിക്കൽ ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട വരം എന്തായിരുന്നെന്നോ,  താൻ തൊടുന്നതെല്ലാം സ്വർണ്ണമാകണം എന്ന്!! എത്ര വിചിത്രമായ ആഗ്രഹം, അല്ലേ?
രജാവിന്റെ ഈ വിചിത്രമായ ആഗ്രഹത്തിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ദൈവം ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചു. രാജാവിന്റെ അത്യാഗ്രത്തിൽ അതൃപ്തി തോന്നിയെങ്കിലും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ദൈവം ആ വരം നൽകി – രാജാവ് തൊടുന്നതെല്ലാം സ്വർണ്ണമാകും എന്ന വരം!
അത്യാഹ്ലാദത്തോടെ  കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാജാവ് ഓരോ സാധനങ്ങളും തൊട്ടുനോക്കി തന്റെ വരത്തിന്റെ ശക്തി പരിശോധിച്ച് വല്ലാതെ സന്തോഷിച്ചു.  കൊട്ടാരത്തിന്റെ തൂണുകളും, പ്രതിമകളും, കൽപ്പടവുകളും എല്ലാം രാജാവിന്റെ കരസ്പർശനത്തിൽ സ്വർണ്ണമായി.  കസേരകളും മേശകളും ഒക്കെ സ്വർണ്ണമായി.
ആ സന്തോഷം അധികം നീണ്ടുനിന്നില്ല.  രാജാവ് ഭക്ഷണത്തിനായി എടുത്ത പഴങ്ങളും പലഹാരങ്ങളും,  എന്തിന് വെള്ളം പോലും ഭക്ഷ്യയോഗ്യമല്ലാതെ സ്വർണ്ണമായി മാറി.  വിഷണ്ണനായിരുന്ന രാജാവിന്റെ അടുത്തേയ്ക്ക് അദ്ദേഹത്തിന്റെ കുഞ്ഞ് ഓടിയണഞ്ഞത് അപ്പോഴായിരുന്നു.  ദുഃഖിച്ചിരുന്ന തന്റെയറുത്തേയ്ക്ക് ഓടിയെത്തിയ കുഞ്ഞിനെ കണ്ട സന്തോഷത്തിൽ രാജാവ് അവനെ വാരിയെടുത്തി.  ഉടനെ തന്നെ ആ കുഞ്ഞും സ്വർണ്ണപ്രതിമയായി മാറി. 
സകല നിയന്ത്രണങ്ങളും വിട്ട് രാജാവ് അലറിക്കരഞ്ഞ് ഭ്രാന്തനെപ്പോലെയായി.  എല്ലാപേരും അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പോകാൻ തന്നെ ഭയപ്പെട്ടു.  തങ്ങളെയെങ്ങാനും രാജാവ് തൊട്ടാൽ സ്വർണ്ണമായിത്തീരുമല്ലോ എന്ന ഭീതി തന്നെ കാരണം.  രാജാവ് എന്തുചെയ്യണമെന്നറിയാതെ വീണ്ടും ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിച്ചു. 
ഒടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു.  രാജാവ് തന്റെ അത്യാഗ്രത്തെക്കുറിച്ച് തീർത്തും ബോധവാനായി എന്ന് മനസ്സിലാക്കിയ ദൈവം രാജാവിന്റെ അപേക്ഷപ്രകാരം ആ വരം പിൻവലിച്ചു.  അത്യാഗ്രത്തിന്റെ ആപത്ത് രാജാവിന് ശരിക്കും ബോധ്യമായി. 
എന്റെ കുഞ്ഞുങ്ങൾക്കും ഈ കഥയിൽ നിന്ന് ഒരു നല്ല സന്ദേശം കിട്ടിയില്ലേ?  അത്യാഗ്രഹം അത്യാപത്ത് തന്നെ.
           ഇനി ഈ പാട്ടൊന്ന് കേട്ടു നോക്കിക്കേ....

Monday, August 27, 2012

തങ്കവും തുമ്പയും ഓണവും.............


        കർക്കിടകമഴയിൽ തണുത്തുവിറച്ചുനിന്ന ചെടികൾക്കെല്ലാം ചിങ്ങവെയിൽ തട്ടിയപ്പോൾ പൂത്തുലയാൻ തിടുക്കമായതു കണ്ടില്ലേ? ഓണക്കാലമായി. പൂനുള്ളാൻ, പൂക്കളമൊരുക്കാൻ കുട്ടികളെത്താറായി. തനിക്ക് താങ്ങാവുന്നതിലുമധികം കുടങ്ങളിൽ വെളുത്ത തരിമൊട്ടുകൾ നിറച്ചു ദേവപാദങ്ങൾ പോലുള്ള പൂക്കളെ വിടർത്താനായി ആ ചെടിയും ഒരുങ്ങി നിന്നു. മഴച്ചാറ്റലുകൾ കുളിപ്പിച്ചും ഓണവെയിലവയെ തോർത്തിച്ചും ഓണത്തുമ്പികൾ ചുറ്റിലും താരാട്ടുപാടിയും പറക്കുമ്പോൾ ദേവപാദപ്പൂക്കളൊന്നൊന്നായി വിടർത്തി ആ തുമ്പച്ചെടി ഓണപൂക്കളങ്ങൾക്കായി കാത്തുനിന്നു. അമ്മച്ചെടിയിൽനിന്ന് ഓണവും, അത്തപ്പൂക്കളവും, അവിടെ തുമ്പപ്പൂക്കൾക്കുള്ള സ്ഥാനവും ഒക്കെ കേട്ടുകേട്ട് പൂക്കളെല്ലാം കാത്തുകാത്തു നിന്നു....അത്തം വരവിനായി, ഓണക്കാലത്തിനായി.
            അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം...വയ്യ, ഇനി കാത്തിരിക്കാൻ വയ്യ... ഓണം വന്നോണം വന്നോണം വന്നേ....എന്ന് നാടായ നാടുമുഴുവനും പാടിപ്പറന്നു വന്ന് തനിക്കുചുറ്റും നൃത്തം വയ്ക്കുന്ന ഓണത്തുമ്പിയോട് തുമ്പച്ചെടി ആകാംക്ഷയോടെ ചോദിച്ചു, "ഇത്തവണ ഓണപ്പൂക്കളങ്ങൾ ഇല്ലേ....ആരുമീ വഴി വന്നില്ലല്ലോ എന്റെ തുമ്പപ്പൂക്കളെ നുള്ളാൻ...."
         ഓണത്തുമ്പി പറഞ്ഞു, ഉണ്ടല്ലോ ഉണ്ടല്ലോ നാടായനാടു നിറയേ പൂക്കളങ്ങൾ ഞാൻ കണ്ടല്ലോ.. വഴിയോരങ്ങളിൽ, സ്ക്കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, നോക്കുന്നിടങ്ങളിലെല്ലാം പൂക്കളങ്ങൾ തിങ്ങിനിറഞ്ഞിരിക്കയാണല്ലോ"
             തുമ്പച്ചെടി ചോദിച്ചു, “ആ പൂക്കളങ്ങളെ കാണാൻ എന്റെ ഒരു പൂവിനെ നീ കൊണ്ടുപോകുമോ തുമ്പീ?”
        ആ തുമ്പിച്ചിറകിലേറി തുമ്പപ്പൂവ് പൂക്കളങ്ങളായ പൂക്കളങ്ങൾ ഒരുപാടുകണ്ടു. "അവിശ്വസനീയം ഈ പുഷ്പപ്രപഞ്ചം!!!” ഏറ്റവും മനോഹരം എന്നുതോന്നിയ ഒരു പൂക്കളത്തിനരുകിലെത്തിയ തുമ്പപ്പൂ ആ പൂക്കളത്തിനോടു ചോദിച്ചു, “ഞാനും കൂടി ഈ കളത്തിലൊന്നിരുന്നോട്ടേ...”

      അതുകേട്ട് ആ പൂക്കളം ഞെട്ടിപ്പോയി. തന്റെകൂടെയെങ്ങാനും ഈ പീക്രിപ്പൂവ് കയറിയിരുന്നാലോ എന്നുപേടിച്ച് ആ പൂക്കളം തുമ്പപ്പൂവിനോട് പറഞ്ഞു, "എന്ത് മണ്ടത്തരമാ കുരുന്നുപൂവേ നീ ചോദിച്ചത് ? കണ്ടില്ലേ നൂറുകണക്കിനു പൂക്കളങ്ങളിവിടെ നിരന്നിരിക്കുന്നത്...? ഇത് മത്സരവേദിയാണ്...എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണിതൊക്കെ എന്നറിയാമോ? ഇപ്പോൾ പരിശോധകർ വന്ന് മാർക്കിടും... ആർക്കുമറിയാത്ത, ആരും കാണാത്ത നിന്നെപ്പോലെയുള്ള ഒരു പന്നപ്പൂവ് എന്റെ കൂടെയിരുന്നാൽ...ആ ഒറ്റക്കാര്യം കൊണ്ട് ഒന്നാം സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന ഞാൻ മത്സരത്തിൽ നിന്ന് പുറംതള്ളപ്പെടും. പോ..പോ...ദൂരെപ്പോ..." വിങ്ങുന്ന, നാണംകെട്ടമനസ്സുമായി തുമ്പപ്പൂ ഒരുപാട് പൂക്കളങ്ങളിൽ കയറിയിറങ്ങി. മത്സരബുദ്ധിയോടെ നിൽക്കുന്ന പൂക്കളങ്ങൾക്കൊന്നും തുമ്പപ്പൂ എന്നൊരു പൂവിനെക്കുറിച്ച് അറിയുകപോലും ഇല്ലായിരുന്നു. എല്ലാ പൂക്കളങ്ങളും ആ തുമ്പപ്പൂവിനെ ആട്ടിയാട്ടി ഓടിച്ചു. നിറം കൊടുത്ത പഴകിയ തേങ്ങാപ്പീരയുടെയും ഉപ്പുപരലുകളുടെയും, തമിഴ്ക്കൂടകളിലിരുന്ന് വാടിയ, അരിഞ്ഞുകൂട്ടിയ പൂവിന്റെയും, പൂക്കളങ്ങൾക്കു ജീവൻ കൊടുക്കുന്ന കീടനാശിനിയുടെയും നാറ്റം സഹിക്കവയ്യാതെ, തൂവെള്ള തുമ്പപ്പൂ ആ  പൂക്കളങ്ങളിൽ സ്ഥാനം കിട്ടാത്തത് നന്നായി എന്ന് മനസ്സിലാക്കി  തിരികെ തുമ്പിച്ചിറകിലേറി തുമ്പച്ചെടിയുടെ അടുത്തെത്തി. അമ്മച്ചെടിയോടും സഹോദരപ്പൂക്കളോടും കണ്ടതും നടന്നതും നാണംകെട്ടതും നാറിയതും കഥകൾ വിവരിക്കവേ അവർക്കരികിൽ ഒരു വെള്ളിക്കൊലുസ്സിന്റെ കിലുക്കം...കൂട്ടത്തിൽ മണികിലുങ്ങും പോലെയൊരു ചോദ്യവും, “തുമ്പച്ചെടിയേ...ഞാൻ നിന്റെ ദേവപാദപ്പൂക്കളെ നുള്ളട്ടേ...?”  
 ദിവസങ്ങളായി കാത്തിരുന്ന കാര്യം ആ കുഞ്ഞിനാവിൽനിന്നു കേട്ട് അതിശയംകൊണ്ടും സന്തോഷംകൊണ്ടും  തുമ്പച്ചെടിയും അതിലെ പൂക്കളും ആടിയുലഞ്ഞങ്ങു പൊട്ടിച്ചിരിച്ചു.. എന്നിട്ട് തുമ്പച്ചെടി ചോദിച്ചു, “മക്കളേ, എന്റെ തങ്കമേ, പൂനുള്ളാൻ അനുവാദം ചോദിക്കുന്ന നിന്റെ, ആ കുഞ്ഞിക്കൈകൾ എന്റെ തുമ്പപ്പൂക്കളേ എന്നിൽ നിന്ന് നുള്ളിയെടുത്ത് എന്തു ചെയ്യും?”
      തങ്കക്കുട്ടി പറഞ്ഞു, “എന്റെ വീട്ടിൽ മണമില്ലാത്ത, പറിക്കാൻ പാടില്ലാത്ത ഒരുപാട് പൂക്കളും, ഒരിക്കലും പൂക്കാത്ത ഒരുപാട് ചെടികളും ഉണ്ട്. ഒരു പൂവിതൾ താഴത്തു വീണാൽ നിലംവൃത്തികേടായല്ലോ എന്നു പറയുന്ന അച്ഛനുംഅമ്മയും പൂക്കളേ മത്സരപ്പിക്കാൻ പോയിരിക്കുകയാണ്. എനിക്കും വേണം ഒരു പൂക്കളം...മത്സരിക്കാനറിയാത്ത ,സ്നേഹിക്കുന്ന, ചിരിക്കുന്ന,പാടുന്ന, ആടുന്ന, പൂവുകളാൽ തീർക്കുന്ന പൂക്കളം..” എന്നു പറഞ്ഞ് ആ കുട്ടി തന്റെ ഉടുപ്പിന്റെ മടക്ക് നിവർത്തി തുമ്പച്ചെടിയുടെ മുന്നിലേയ്ക്കിട്ടു. നിറമുള്ള, മണമുള്ള, ഗുണമുള്ള പൂക്കൾ....മുല്ലപ്പു, പിച്ചിപ്പൂ,പനിനീർപ്പൂ, മുക്കുറ്റി, തൊട്ടാവാടി, കദളി, കോളാമ്പിപ്പൂ, ശംഖുപുഷ്പം, ചെമ്പരത്തി, നന്ത്യാർവട്ടം, ഗന്ധരാജൻ, സുഗന്ധറാണി, ചെമ്പകം, അരളി, ചെത്തിപ്പൂക്കൾ, പവിഴമല്ലി, വിഷ്ണുക്രാന്തി, കാക്കപ്പൂവ്, പൂച്ചെടിപ്പൂവ്, കമ്മൽപ്പൂവ്, കദളിപ്പൂവ്, കാശിത്തെറ്റി, പലതരം പച്ചക്കറിപ്പൂക്കൾ പേരറിയാത്ത ഒരുപാട് കാട്ടുപൂക്കൾ അങ്ങനെയങ്ങനെ തനിക്ക് ചുറ്റിലും പൂക്കളം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഒരുപാടൊരുപാട് പൂക്കളെ കൊണ്ട് ആ കുഞ്ഞിക്കൈകൾ തുമ്പച്ചെടിയുടെ മുൻപിൽ തീർത്ത പൂക്കളത്തിന്റെ ഒത്തനടുവിലേയ്ക്ക് തന്നിൽ നിന്ന് അടർത്തിയെടുത്ത തുമ്പപ്പൂക്കളെയും വച്ചു. മോക്ഷം കിട്ടിയ സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ, ചിരിക്കുന്ന പൂക്കളെക്കണ്ട് തുള്ളിക്കളിക്കുന്ന ആ തങ്കക്കുടത്തിനെ ചുറ്റി അവളിട്ട പൂക്കളത്തിനുമേൽ ഓണത്തുമ്പികൾ കൂട്ടത്തോടെ ആടിപ്പാടിപ്പാറിത്തകർത്തു.



ഓണംവന്നോണംവന്നോണംവന്നേ
പൂക്കളാൽ തീർത്തൊരു പൂക്കളം കണ്ടേ
പൂക്കളം തേടിയാ തുമ്പമലരിനും
പൂക്കളാൽ തീർത്തൊരു പൂക്കളം കിട്ടി
പൂക്കളം കാണാനായി ഓടിവായോ
മാലോകരെല്ലാരും ഓടിവായോ
ബൂലോകരെല്ലാരും ഓടിവായോ

      ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ  നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ,  സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു  പൂക്കളം സമർപ്പിക്കുന്നു.
                എന്റെ എല്ലാ പൊന്നുമക്കൾക്കും ഈ അമ്മയുടെ ,കഥപ്പെട്ടിയുടെ, കിലുക്കാംപെട്ടിയുടെ ഓണാശംസകൾ....

Wednesday, August 1, 2012

കാക്കയുടെയും പാമ്പിന്റെയും കഥ....


        എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന്  പഞ്ചതന്ത്രം കഥകളിൽ നിന്ന് ഒരു കഥ പറഞ്ഞു തരാം കേട്ടോ.
ഒരിടത്തൊരിടത്തൊരു കാട്ടിലെ മരത്തിൽ രണ്ടു കാക്കകൾ കൂടു വച്ചു.  അങ്ങനെയിരിക്കെ ഒരു ദിവസം പെൺ കാക്ക മുട്ടയിട്ടു.  പക്ഷേ, ആ മരത്തിന്റെ ചുവട്ടിലെ മാളത്തിൽ താമസിച്ചിരുന്ന പാമ്പ്, കാക്കകൾ ഇരതേടി പോയ തക്കത്തിന് ആ മുട്ട കട്ടു തിന്നു.  പല ദിവസവും ഇത് തുടർന്നു.  കാക്കകൾക്ക് ആകെ സങ്കടമായി.  തങ്ങൾ ആറ്റുനോറ്റു കാത്തിരുന്ന ആ മുട്ടകൾ ഈ ദുഷ്ടൻ പാമ്പ് നശിപ്പിച്ചതിൽ അവർക്ക് വല്ലാത്ത സങ്കടം തോന്നി. 
        കാക്കകളുടെ സങ്കടം കണ്ട് അവരുടെ സുഹൃത്തായ കുറുക്കൻ ഈ  പാമ്പിനെ വകവരുത്താനായി വഴി ആലോചിച്ചു.  പാവം കാക്കകളെ കൊണ്ട് ഈ പാമ്പിനെ എന്തു  ചെയ്യാൻ!.  ഒടുവിൽ കുറുക്കൻ തന്നെ അതിനൊരു വഴി കണ്ടു പിടിച്ചു.
        അവിടുത്തെ രാജകുമാരിയുടെ ആടയാഭരണങ്ങളിൽ നിന്ന് ഒരു വൈരക്കൽ മാല,  രാജകുമാരിയുടെ തോഴിമാർ കാൺകെ തന്നെ കാക്ക കൊത്തിയെടുത്ത് പറന്നുയർന്നു.  തോഴിമാർ ബഹളം വച്ചു.  ബഹളം കേട്ട് കൊട്ടാരം കാവൽക്കാർ ഓടിയെത്തി.  കാക്ക, ആ മാല നേരെ കൊണ്ടു പോയി അവരുടെ ശത്രുവായ പാമ്പിന്റെ മാളത്തിലിട്ടു.  എന്നിട്ട് നേരെ കുറച്ചകലെ ഒരു മരത്തിന്റെ മുകളിൽ പോയിരുന്ന് വരാൻ പോകുന്ന കാഴ്ച കാണാൻ തയ്യാറായി.  പ്രതീക്ഷിച്ചതു പോലെതന്നെ കൊട്ടാരം കാവൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത്, പാമ്പിന്റെ മാളത്തിൽ തങ്ങളുടെ രാജകുമാരിയുടെ വൈരക്കൽ മാല!  പക്ഷേ ബഹളം കേട്ട് പുറത്തു വന്ന പാമ്പ് ആ മാലമേൽ ചുറ്റിവരിഞ്ഞ് ഇരിക്കുന്നു.  “എന്തു ചെയ്യും”, അവർ പരസ്പരം നോക്കി.  തങ്ങളുടെ രാജകുമാരിയുടെ മാല ഏതു വിധേനയും തിരികെ എത്തിക്കണം.  രണ്ടാമതൊന്നും ഓർക്കാതെ അവർ ആ പാമ്പിനെ തല്ലിക്കൊന്നു മാലയുമായി മടങ്ങി. 
        കാക്കകൾ കാത്തിരുന്നതും അതു തന്നെ.  അവരുടെ ശത്രുവിനെ വകവരുത്തിയ കാവൽക്കാരോട് മനസ്സിൽ നന്ദിയും പറഞ്ഞു കൊണ്ട് ആ കാക്കകൾ തങ്ങളുടെ കൂടിനരികിലെത്തി.  പിന്നീട് ഒരുപാടു കാലം അവർ അവിടെ സുഖമായി താമസിച്ചു. ഒരുപാട് മുട്ടകളിട്ടു, ഒരുപാട് കാക്കക്കുഞ്ഞുങ്ങളും ഉണ്ടായി……
        ബുദ്ധിശക്തി കായികശക്തിയെ തോൽപ്പിക്കും എന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ
കുറുക്കനെക്കുറിച്ചറിയാൻ ദേ, ഇവിടെയും ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്ന് തുറന്നു നോക്കിക്കേ....

Sunday, July 1, 2012

കാക്കയ്ക്ക് പറ്റിയ അമളി


ഒരു കാക്കയുടെ കഥ പറഞ്ഞു കൊണ്ടായിരുന്നല്ലോ കഥപ്പെട്ടിയുടെ തുടക്കം.  എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് വീണ്ടും ഒരു കാക്കയുടെ കഥ പറഞ്ഞു തരാം, കേട്ടോ.
ഒരിടത്തൊരിടത്ത് ഒരു പാവം കാക്കമ്മയുണ്ടായിരുന്നു.  ഒരു ക്ഷാമകാലത്ത് ഭക്ഷണമൊന്നും ലഭിക്കാതെ അവൾ വളരെ ക്ഷീണിച്ച്, വിഷമിച്ച് ഇരിക്കുകയായിരുന്നു,  പല സ്ഥലത്തും അലഞ്ഞു നടന്നിട്ടും ഒരു രക്ഷയുമില്ല.  അങ്ങനെ ഇരിക്കുമ്പോൾ, അടുത്ത ചായക്കടയിലെ  പലഹാരം വയ്ക്കുന്ന അലമാര തുറന്നു കിടക്കുന്നത് കണ്ടത്.  അതിൽ നിറയെ നെയ്യപ്പം ചുട്ട് അടുക്കി വച്ചിരിക്കുന്നു.  വിശപ്പ് കാരണം കണ്ണ് കാണാൻ പോലും പറ്റാത്ത അവസ്ഥ, കാക്കമ്മ ഒരു നിമിഷം മടിച്ചെങ്കിലും, ചായക്കടക്കാരന്റെ കണ്ണ് തെറ്റിയതും ഒരു നെയ്യപ്പവും കൊത്തിയെടുത്ത് ഒറ്റപ്പറക്കൽ.
ദൂരെ ഒരു മരച്ചില്ലയിൽ ചെന്നിരുന്ന് കാക്ക ആ നെയ്യപ്പം മെല്ലെ തിന്നാനാരംഭിച്ചു.  ഒരു കൊത്ത് കൊത്തിയതേയുള്ളൂ, മരത്തിന്റെ ചുവട്ടിൽ ഒരു അനക്കം.  ഒരു കുറുക്കൻ.  അവനും വിശന്ന് തളർന്നിട്ടുണ്ടെന്ന് തോന്നുന്നു.  എന്നാലും താൻ അപ്പം തിന്നാൻ നേരം തന്നെയുള്ള അവന്റെ വരവ് കാക്കമ്മയ്ക്ക് അത്ര രസിച്ചില്ല. കുറുക്കന്റെ കണ്ണ് ആ നെയ്യപ്പത്തിൽ തന്നെയായിരുന്നു.  കഴുത്ത് ചെരിച്ച് കാക്കമ്മ അവനെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി. 
“അല്ല കാക്കമ്മേ, നല്ല മിനുമിനുത്ത തൂവലുകളും ഭംഗിയുള്ള കൊക്കും ഉള്ള നീയെത്ര സുന്ദരിയാണ്.  ഇത്രേം നല്ല സുന്ദരിയായ നിനക്ക് പാട്ട് പാടാൻ അറിയില്ലെന്നാണ് എല്ലാപേരും പറയുന്നത്.  കഷ്ടമായിപ്പോയി”, കുറുക്കൻ വെറുതെ തട്ടിവിട്ടു.
തനിക്ക് പാടാൻ അറിയില്ലെന്നോ? കാക്കയ്ക്ക് അതത്ര രസിച്ചില്ല. 
“പക്ഷേ എനിക്കറിയാം, നിനക്ക് നന്നായി പാടാൻ അറിയാമെന്ന്, നിന്റെ സൗന്ദര്യം പോലെ തന്നെ നിന്റെ സ്വരവും.  എനിക്ക് വേണ്ടി ഒന്ന് പാടി തരുമോ?” കുറുക്കൻ പതുക്കെ ഒരു സൂത്രം പ്രയോഗിച്ചു.
ആ പുകഴ്ത്തലിൽ കാക്ക വീണുപോയി.  അവൾ തന്റെ കൊക്കിൽ നെയ്യപ്പം ഇരിക്കുന്നതു പോലും ശ്രദ്ധിക്കാതെ തൊള്ളതുറന്ന് പാടാൻ തുടങ്ങി.  ഉടനെ തന്നെ കൊക്കിലിരുന്ന നെയ്യപ്പം താഴെ വീണു. 
ഈ നിമിഷം തന്നെയാണ് കുറുക്കനും കാത്തിരുന്നത്.  അവൻ നെയ്യപ്പവും കടിച്ചെടുത്തു കൊണ്ട് ഒറ്റ ഓട്ടം. പാവം കാക്ക തന്റെ മണ്ടത്തരത്തിൽ വിഷമിച്ച് ഒറ്റയിരുപ്പായി.
എന്റെ കുഞ്ഞുങ്ങൾക്ക് ഇതിൽ നിന്ന് എന്തു മനസ്സിലായി?  ആലോചിക്കാതെയുള്ള എടുത്തു ചാട്ടം നല്ലതല്ല, പുകഴ്ത്തലിൽ വീണു പോകരുതേ.
പക്ഷികളിൽ ഏറ്റവും ബുദ്ധിശാലിയായ കാക്കയെക്കുറിച്ച്, വളരെയേറെ കൗതുകകരങ്ങളായ കാര്യങ്ങൾ ഉണ്ട്. അവയെന്താണെന്ന് അറിയാൻ, ഈ സമ്പാദ്യപ്പെട്ടി തുറന്ന് കാണാൻ ദേ ഇവിടെ ക്ലിക്ക് ചെയ്തേമൃഗങ്ങളിൽ കൗശലക്കാരനായ കുറുക്കനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാൻ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ

Friday, June 1, 2012

കഴുതയുടെ സംഗീതം

          വേനലവധിയൊക്കെ കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങൾ പുതിയ ക്ലാസിൽ പോകാൻ കാത്തിരിക്കുകയാണല്ലേ.  പുതിയ ഉടുപ്പും, പുസ്തകങ്ങളും ഒക്കെയായി പുതിയ ക്ലാസും, പുതിയ ടീച്ചറെയും പുതിയ കൂട്ടുകാരെയും ഒക്കെ കാണാൻ തിടുക്കമായി, അല്ലേ?  ഇന്ന് നമുക്ക് ഒരു കഴുതയുടെ മുൻപിൻ നോക്കാതെയുള്ള പ്രവൃത്തി വരുത്തിവച്ച വിനയെക്കുറിച്ച് ഒരു കഥ കേൾക്കാം, ട്ടോ
            ഒരിടത്തൊരിടത്തൊരിടത്ത് ഒരു അലക്കുകാരന് ഒരു കഴുതയുണ്ടായിരുന്നു.  അയാൾ അവന് ആവശ്യത്തിന് ആഹാരമൊന്നും കൊടുക്കാതെ കഠിനമായി പണിയെടുപ്പിച്ചു.  വിശന്നു വലഞ്ഞ്, വല്ലാതെ ക്ഷീണിച്ച കഴുതയെ കണ്ട് അടുത്ത കുറ്റിക്കാട്ടിലെ കുറുക്കന് സഹതാപം തോന്നി.  അവൻ കഴുതയ്ക്ക്,  കുറച്ചകലെയുള്ള അതിവിശാലമായ ഒരു കൃഷിയിടത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു.  കാവൽക്കാരില്ലാത്ത ആ കൃഷിയിടത്തിൽ ഒരുപാട് പച്ചക്കറിച്ചെടികൾ നിറഞ്ഞു നിന്നിരുന്നു.  എല്ലാ ദിവസവും അവിടെ ചെന്ന് മതിയാവോളം ഭക്ഷിക്കാം.  നേരം വെളുക്കും മുൻപ് തന്നെ തിരികെയെത്തുകയും ചെയ്യാം.  കഴുതയ്ക്ക് അതത്ര വിശ്വാസമായില്ല. വിശപ്പിനെക്കുറിച്ചോർത്തപ്പോൾ കുറുക്കന്റെ ഉപായം തള്ളിക്കളയാനും തോന്നിയില്ല. അന്നു രാത്രി തന്നെ കഴുതയ്ക്കൊപ്പം പോയി ആ സ്ഥലം കാട്ടിക്കൊടുക്കാമെന്ന് കുറുക്കൻ ഏറ്റു. 
            അലക്കുകാരൻ ഉറങ്ങിക്കഴിഞ്ഞ് രണ്ടുപേരും കൂടി മെല്ലെ ആ കൃഷിയിടത്തിലേയ്ക്ക് നടന്നു.  വിശന്നു വലഞ്ഞിരുന്ന കഴുത ആകെ ക്ഷീണിച്ചിരുന്നു.  നടന്നു നടന്ന് അവർ ഒടുവിൽ ആ തോട്ടത്തിൽ എത്തി. ആ കൃഷിസ്ഥലം  കണ്ട് അവൻ അത്ഭുതപ്പെട്ടു. ഒരുപാട് വാഴകളും, വെള്ളരിക്കയും, ചീരയും ഒക്കെ നല്ല പച്ചപ്പോടെ നിൽക്കുന്നത് കണ്ടിട്ട് കഴുതയ്ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.  അവൻ അന്തംവിട്ട് വായും പൊളിച്ച് നിന്നു.
            “വേഗമാകട്ടേ ചങ്ങാതീ, ആരെങ്കിലും ഉണർന്ന് വരുന്നതിനു മുൻപ് ആവശ്യത്തിന് കഴിച്ചിട്ട് പോകാം”, കുറുക്കൻ ധൃതി കൂട്ടി.
       പരിസരം മറന്നു നിന്ന കഴുത പെട്ടെന്നു തന്നെ ഉഷാറായി.  അവൻ ആവശ്യത്തിനെന്നല്ല, ആവശ്യത്തിലധികം ആഹാരം ആർത്തിയോടെ ഭക്ഷിച്ചു.  എന്നിട്ട് വേഗം തിരികെ നടന്ന് തന്റെ തൊഴുത്തിലെത്തി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങി.  പിന്നെ, ദിവസവും രാത്രി അവർ ഒരുമിച്ച് ആ തോട്ടത്തിലെത്തി കഴുത വയറു നിറയെ ഭക്ഷിച്ച് തിരികെ പോയി.
            ദിവസങ്ങൾ കടന്നു പോയി.  നല്ല ഭക്ഷണം കിട്ടിയതോടെ കഴുത കൊഴുത്തു തുടുത്ത് സുന്ദരനായി.  ഒരു ദിവസം അങ്ങനെ  ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ, കഴുതക്ക് ഒരു മോഹം; ഒന്നുറക്കെ പാടണം.  അവനത് കുറുക്കനോട് പറഞ്ഞു.  കഴുതയുടെ വിചിത്രമായ ആഗ്രഹം കേട്ടപാടെ തന്നെ കുറുക്കൻ ഒന്നമ്പരന്നു. 
“കഴുത പാടുകയോ?, അതും ഈ രാത്രിയിൽ?, നല്ല ശേലായി, ഈ കൃഷിസ്ഥലത്തിന്റെ  ഉടമസ്ഥരെങ്ങാനും ഉണർന്നു വന്നാൽ നമ്മുടെ കഥ കഴിഞ്ഞതു തന്നെ”, അവൻ കഴുതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
“ഹും, നിനക്ക് എന്റെ കഴിവിൽ അസൂയയുള്ളതുകൊണ്ട് പറയുകയാണ്, എനിക്ക് പാടിയേ പറ്റൂ”, കഴുത നിർബന്ധം പിടിച്ചു.
“നമ്മൾ ശരിക്കും കള്ളന്മാരാണെന്ന കാര്യം മറക്കരുത്.  രാത്രിയിൽ കട്ടു തിന്നുന്നതും പോര, ഒച്ചയുണ്ടാക്കി നാട്ടുകാരെ ഉണർത്തുകയും കൂടി.  എനിക്കു വയ്യ അടി മേടിച്ചു പിടിക്കാൻ”, കഴുതയെ പിന്തിരിപ്പിക്കാൻ പറ്റില്ലെന്ന് ബോദ്ധ്യപ്പെട്ട കുറുക്കൻ ഒന്നു കൂടി മുന്നറിയിപ്പ് നൽകിയിട്ട് തോട്ടത്തിന് പുറത്തിറങ്ങി നിന്നു. 
വയറു നിറയെ തിന്ന് മത്തുപിടിച്ച കഴുത, മുൻപിൻ നോക്കാതെ  അരോചകമായ ശബ്ദത്തിൽ ഒച്ചയിടാൻ തുടങ്ങി.  പാട്ടെന്ന് അതിനെ പറയാമോ?  നട്ടപ്പാതിരായ്ക്ക് കഴുതയുടെ അലർച്ച കേട്ട് കർഷകർ ഉണർന്നു.  അവർ ഒച്ചയുണ്ടാക്കി അയൽക്കാരെയൊക്കെ ഉണർത്തി.  എല്ലാപേരും കൂടി തോട്ടത്തിലേയ്ക്കോടിയെത്തി.   കൃഷിയൊക്കെ തിന്ന് തീർത്ത് അഹങ്കാരത്തോടെ നിന്ന് അലറുന്ന കഴുതയെ കണ്ട അവർക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.  എല്ലാപേരും കൂടി കഴുതയെ ഓടിച്ചിട്ട് നന്നായി തല്ലി.  ദേഹമാസകലം തല്ലു കിട്ടിയ കഴുത ജീവനും കൊണ്ടോടി.  വഴിയിൽ കാത്തു നിന്ന കുറുക്കനും അവനോടൊപ്പം ഓടി.  ഓടിയോടി അവർ വീടിനടുത്തെത്തി.  വേദനകൊണ്ട് പുളഞ്ഞ കഴുതയോട് കുറുക്കൻ പറഞ്ഞു, “ഉപദേശം, അത് ആരു തന്നാലും  ഒന്ന് ശ്രദ്ധിക്കണം.  കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം. കണ്ടില്ലേ, നിനക്ക് നല്ല തല്ലും കിട്ടി, ഒപ്പം നാളെ മുതൽ കുശാലായ ഭക്ഷണവും മുടങ്ങി.”
            എന്റെ കുഞ്ഞുങ്ങൾ ഇതിൽ നിന്ന് എന്തു ഗുണപാഠമാണ് പഠിച്ചത്? ഉപദേശം, അത് ആരു തന്നാലും  ഒന്ന് ശ്രദ്ധിക്കണം.  കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം.  അല്ലേ?